ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് ഐ.ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വട്ടിയൂർകാവിൽ കെ. മോഹൻകുമാറും കോന്നിയിൽ പി. മോഹൻരാജും അരൂരിൽ ഷാനിമോൾ ഉസ്‌മാനും എറണാകുളത്ത് ടി.ജെ. വിനോദുമാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അംഗീകാരം ലഭിച്ച ശേഷം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ആണ് പ്രഖ്യാപനം നടത്തിയത്.
മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ബെന്നി ബെഹ്‌നാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ നടത്തിയ അവസാനവട്ട ചർച്ചകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഡൽഹിയിലുള്ള മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെയും കെ.സി. വേണുഗോപാലിന്റെയും അഭിപ്രായം തേടിയ ശേഷമാണ് ഹൈക്കമാൻഡിന് പട്ടിക കൈമാറിയത്. തർക്കങ്ങളും അവകാശവാദങ്ങളും കേരളത്തിൽ തന്നെ പരിഹരിക്കാൻ കഴിഞ്ഞതിനാൽ ഡൽഹിയിലെ പതിവു മാരത്തോൺ ചർച്ചകളും സ്ഥാനാർത്ഥി മോഹികളുടെ പരേഡും ഉണ്ടായില്ല.