 നഷ്‌ടപരിഹാരം നിശ്ചയിക്കാൻ റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതി

ന്യൂഡൽഹി: മരടിൽ പരിസ്ഥിതി നിയമം ലംഘിച്ച് നിർമ്മിച്ച നാലു ഫ്ളാറ്റുകളുടെയും

നിർമ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. ഇവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

പോൾ രാജ് (ഡയറക്ടർ, ആൽഫ വെഞ്ചേഴ്സ്) സാനി ഫ്രാൻസിസ് (എം.ഡി,ഹോളി ഫെയ്‌ത്ത്) സന്ദീപ് മാലിക്ക് (എം.ഡി, ജെയിൻ ഹൗസിംഗ്), കെ.വി.ജോസ് (എം.ഡി, കെ.പി.വർക്കി ബിൽഡേഴ്സ്) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഫ്ളാറ്റുടമകൾക്ക് നഷ്‌ടപരിഹാരം നിശ്ചയിക്കാൻ റിട്ട.ഹെെക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. ഫ്ളാറ്റുകളുടെ വില കണക്കാക്കി നാലാഴ്‌ചയ്‌ക്കകം ഒാരോ ഫ്ളാറ്റ് ഉടമയ്‌ക്കും നൽകേണ്ട യഥാർത്ഥ നഷ്ടപരിഹാരം തീരുമാനിക്കണം.

താത്കാലിക നഷ്‌ടപരിഹാരമായി സർക്കാർ 25 ലക്ഷം രൂപ നൽകാനും

അത് കെട്ടിട നിർമ്മാതാക്കൾ, നിർമ്മാണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് ഈടാക്കാനും ജസ്‌റ്റിസുമാരായ അരുൺ മിശ്ര, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

നഷ്ടപരിഹാരം നിശ്‌ചയിക്കലാണ് റിട്ട. ജസ്‌റ്റിസ് കെ. ബാലകൃഷ്‌ണൻ നായർ അദ്ധ്യക്ഷനായ സമിതിയുടെ ചുമതല.

കെട്ടിട നിർമ്മാതാക്കളുമായി യോഗം ചേർന്ന് വസ്തുതകൾ വിലയിരുത്തി സമിതി തീരുമാനമെടുക്കും. നാല് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസ് അയയ്‌ക്കാനും ഉത്തരവിട്ടു. ഇവരെ കൂടാതെ കെട്ടിടനിർമ്മാണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് കൂടി നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഫ്ളാറ്റുകൾ പൊളിക്കുമെന്ന് ഉറപ്പു നൽകിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി തത്‌കാലം കോടതിയിൽ ഹാജരാകേണ്ട. എന്നാൽ വീഴ്‌ച വരുത്തിയാൽ ഒക്‌ടോബർ 25ന് വീണ്ടും ഹാജരാകേണ്ടി വരും.