ന്യൂഡൽഹി: നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ, ബി.ജെ.പിയിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കി അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പാർട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് എസ്.സുരേഷാണ് സ്ഥാനാർത്ഥി. കോന്നിയിൽ സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, അരൂരിൽ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ കെ.പി. പ്രകാശ്ബാബു, മഞ്ചേശ്വരത്ത് മണ്ഡലം പ്രഭാരിയും സംസ്ഥാന സമിതി അംഗവുമായ രവീശതന്ത്രി കുണ്ടാർ എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സി.പി.എമ്മിനെ പിൻതള്ളി രണ്ടാമതെത്തിയ കുമ്മനം തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോന്നിയിൽ കെ.സുരേന്ദ്രനായി ആർ.എസ്.എസ് സമ്മർദ്ദം ചെലുത്തിയിരുന്നു. 2016ൽ മഞ്ചേശ്വരത്ത് നേരിയ ഭൂരിപക്ഷത്തിനു തോറ്റ സുരേന്ദ്രൻ അവിടെ വീണ്ടും മത്സരത്തിനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിച്ച രവീശതന്ത്രി കുണ്ടാറിന് കന്നട മേഖലയിലുള്ള സ്വാധീനം നേട്ടമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. എറണാകുളത്ത് സ്ഥാനാർത്ഥിയായ സി.ജി. രാജഗോപാലിന്റേത് നിയമസഭയിലേക്കുള്ള രണ്ടാമങ്കമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്നു, അരൂരിൽ മത്സരിക്കുന്ന കെ.പി. പ്രകാശ്ബാബു.