onion-price

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സവാളയ്‌ക്ക് പെട്രോളിനെക്കാൾ വില വർദ്ധിച്ചതോടെ എല്ലാ ഇനം ഉള്ളിയുടെയും വിദേശ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് കയറ്റുമതി നിരോധിച്ച് ഇന്നലെ ഉത്തരവിറക്കിയത്. പെട്രോൾ ലിറ്ററിന് 74 രൂപയുള്ള ഡൽഹിയിൽ ഒരു കിലോ സവാളയുടെ വില ദിവസങ്ങളായി 80 രൂപയിൽ തുടരുകയാണ്.

പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ കർണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ മഴക്കെടുതിയാണ് സവാള വിലവർദ്ധനയ്‌ക്കു കാരണം. മുംബയിലും 70 മുതൽ 80 രൂപ വരെയാണ് സവാള വില. ബംഗളൂരുവിലും ചെന്നൈയിലും മാത്രമല്ല, കേരളത്തിലും വില 60 രൂപ വരെയായി. ആറുമാസത്തിനിടെ സവാള വിലയിൽ കിലോയ്‌ക്ക് 25 രൂപയുടെ വർദ്ധന ഉണ്ടായിട്ടുണ്ട്.

വിലക്കയറ്റം പിടിച്ചുനിർത്താൻ നാഫെഡ് ഉൾപ്പെടെ കേന്ദ്ര സർക്കാർ ഏജൻസികൾ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി എത്തിച്ച് കിലോയ്ക്ക് 22- 23 രൂപയ്ക്ക് വിപണിയിലെത്തിച്ചിട്ടുണ്ട്. സംഭരിച്ചു വച്ചിരുന്ന 56000 ടൺ ഉള്ളിയിൽ 16000 ടൺ ഇതിനകം വിറ്റഴിച്ചതായാണ് കണക്ക്.