chidambaram

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനാകുമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് അപേക്ഷ തള്ളിയത്. ഇതോടെ ചിദംബരം ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ തുടരും.

ചിദംബരം ശക്തനായ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു. ഇപ്പോൾ എം.പിയാണ്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ്. സമൂഹത്തിൽ ആഴത്തിൽ സ്വാധീനമുണ്ട്. വിദേശത്തും ചില ബന്ധങ്ങളുണ്ടാകാം. അതിനാൽ നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി)അനുമതിക്കായി അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ ഐ.എൻ.എക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയും ചിദംബരത്തെ കണ്ടിരുന്നുവെന്ന സി.ബി.ഐ വാദം കോടതി മുഖവിലക്കെടുത്തു. ഐ.എൻ.എക്സ് മീഡിയയ്ക്ക് എഫ്.ഐ.പി.ബി അനുമതി ലഭിക്കുന്ന കാലഘട്ടത്തിൽ കാർത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികൾക്ക് വലിയ തോതിൽ പണം ലഭിച്ചതായും നിരീക്ഷിച്ചു. മുദ്രവച്ച കവറിൽ സി.ബി.ഐ നൽകിയ തെളിവുകളും കോടതി പരിഗണിച്ചു.

ഡൽഹി ജോർബാഗിലെ വസതിയിൽവച്ച് ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സെപ്തംബർ 5 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാ‌ർ ജയിലിലാണ്. 2007ൽ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപത്തിന് അനുമതി നൽകിയതിന് കൈക്കൂലിയായി ചിദംബരത്തിനും മകൻ കാർത്തിക്കും പണം ലഭിച്ചുവെന്നാണ് ആരോപണം.