bipin-rawath

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകര പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി തുടർന്നാൽ അതിർത്തി കടന്ന് ആക്രമിക്കാനും ഇന്ത്യ മടക്കില്ലെന്ന് കരസേനാ മേധാവി, ജനറൽ ബിപിൻ റാവത്ത് ആവർത്തിച്ച് വ്യക്തമാക്കി. അതിർത്തിയിൽ പാകിസ്ഥാന്റെ പതിവ് ഒളിച്ചുകളി നടക്കില്ല. ഭാവിയിൽ ഇന്ത്യയുടെ നടപടി എന്താകുമെന്ന് സർജിക്കൽ ആക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവും തെളിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരരെ തുരത്താൻ അതിർത്തിക്കപ്പുറത്ത് കരമാർഗമോ ആകാശമാർഗമോ ആക്രമണം നടത്താൻ ഇന്ത്യ മടിക്കില്ല. നിയന്ത്രണരേഖയുടെ പരിശുദ്ധി കാക്കേണ്ട ബാദ്ധ്യത പാകിസ്ഥാനുണ്ട്. പണ്ടുമുതലേ പാകിസ്ഥാൻ ഭീകരർക്ക് താവളമൊരുക്കുന്നുണ്ട്. ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ നിഴൽയുദ്ധം നടത്തുന്നത് പാകിസ്ഥാന്റെ ദേശീയ നയമാണ്. പ്രത്യേക പദവി എടുത്ത കളഞ്ഞ ജമ്മുകാശ്‌മീരിൽ ജിഹാദിന് പരസ്യമായി ആഹ്വാനം ചെയ്‌തത് അവർ ഭീകര പ്രവർത്തനത്തെ സഹായിക്കുന്നതിനു തെളിവാണ്- റാവത്ത് പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ വേണ്ടിവന്നാൽ ആണവായുധം ഉപയോഗിക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്‌താവന തന്ത്രപ്രധാന ആയുധങ്ങളുടെ ഉപയോഗം സംബന്ധിച്ച സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണെന്നും കരസേനാ മേധാവി പറഞ്ഞു. അവ യുദ്ധത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങളല്ല. അഥവാ ഉപയോഗിക്കാൻ തീരുമാനിച്ചാൽ തന്നെ ലോകസമൂഹം അത് അനുവദിക്കുമെന്ന് കരുതുന്നുണ്ടോ? അദ്ദേഹം ചോദിച്ചു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്‌റ്റ് അഞ്ചിനു ശേഷം താഴ്‌വരയിൽ ഭീകരരെ കടത്തിവിട്ട് അശാന്തി പടർത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ട്. ഭീകരർക്ക് ആക്രമത്തിന് നേതൃത്വം നൽകാൻ ആളില്ല. അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിന് ഇന്ത്യ ഒരവസരവും നൽകുന്നുമില്ല. കാശ്‌മീരിലെ ജനങ്ങൾ യാഥാർത്ഥ്യം മനസിലാക്കിയെന്നും അവർക്ക് ഇനി രാജ്യത്ത് എവിടെയും പോകാനും ഇഷ്ടമുള്ളത് ചെയ്യാനും കഴിയുമെന്നും ജനറൽ റാവത്ത് ചൂണ്ടിക്കാട്ടി. നാഫെഡ് വഴി ആപ്പിൾ ശേഖരിക്കാനുള്ള നടപടി അടക്കം സർക്കാരിന്റെ നീക്കങ്ങൾക്ക് തുരങ്കം വയ്‌ക്കാൻ ശ്രമിച്ചവരെയാണ് കാശ്‌മീരിൽ കസ്‌റ്റഡിയിൽ എടുത്തിട്ടുള്ളതെന്നും കരസേനാ മേധാവി പറഞ്ഞു.