bandhippoor

ന്യൂഡൽഹി: വയനാട്ടിലെ രാത്രികാല ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും വയനാട്ട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വനത്തിലൂടെ കർണാടകയിലേക്കുള്ള ദേശീയ പാതയിൽ ദിവസേനെ 9 മണിക്കൂർ ഗതാഗത നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കാൻ രാഹുൽ ഗാന്ധി ഒക്‌ടോബർ മൂന്നിന് വയനാട്ടിൽ എത്തും.

സി.പി.എം സിസി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി രാഹുൽ ഗാന്ധി ഇന്നു രാവിലെ കേരളാഹൗസിലാണ് കൂടിക്കാഴ്‌ച നടത്തുക. വയനാട്ടിലെ രാത്രികാല ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എംപി സുപ്രീംകോടതിയിൽ നൽകിയ കേസിൽ മുതിർന്ന അഭിഭാഷകനെ നിയമിക്കാൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ട്വീറ്റു ചെയ്‌തിരുന്നു. പ്രാദേശിക സമൂഹങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ പരിസ്ഥിതി സൗഹാർദ്ദത്തോടെയുള്ള തീരുമാനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്നും രാഹുൽ പറഞ്ഞു.

വന്യമൃഗങ്ങൾക്ക് ശല്യമില്ലാതെ രാത്രികാല ഗതാഗതം നടത്താൻ എലിവേറ്റഡ് റോഡ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയെ കാണുന്നുണ്ട്. ഇന്നുച്ചയ്‌ക്ക് ട്രാൻസ്‌പോർട്ട് ഭവനിലാണ് കൂടിക്കാഴ്‌ച.