കിഴക്കമ്പലം: ഗ്രാമീണ നിരത്തുകളിൽ അലറിപ്പാഞ്ഞ് ടോറസ് ടിപ്പറുകൾ. സ്ത്രീകളും വൃദ്ധരും വരെ പലപ്പോഴും ഈ കു​റ്റൻ വാഹനങ്ങളിൽ നിന്നും രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്. വീതി കുറഞ്ഞ റോഡുകളാണെങ്കിലും ടിപ്പറുകൾക്ക് വേഗതയ്ക്ക് കുറവൊന്നുമില്ല. കിഴക്കമ്പലം മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തിനിടക്ക് ടോറസ് ടിപ്പർ മൂലംഉണ്ടായ അപകടങ്ങൾ നിരവധി. കുറച്ച് നാൾ മുമ്പ് പെരിങ്ങാല അമ്പലപ്പടിയിൽ ദമ്പതികൾ ടോറസ് ഇടിച്ചു മരിച്ചു. ഇവർ സഞ്ചരിച്ച ടൂ വീലറിന് പിന്നാലെയെത്തി ഇടിച്ചിടുകയായിരുന്നു. ടോറസ് ടിപ്പറുകൾ ഹോൺമുഴക്കി എത്തുന്നതോടെ മ​റ്റുള്ള വാഹനങ്ങൾ നിരത്ത് ഒഴിഞ്ഞുകൊടുക്കും. യാത്രക്കാർ ഭയപ്പാടോടെ ഓടി മാറും. എന്നാൽ ടോറസുകളെ വേണ്ടവിധത്തിൽ ഗൗനിക്കാത്ത ഇരുചക്രവാഹനയാത്രക്കാർ ഇതിനടിയിൽപ്പെടുന്ന അവസ്ഥയാണ് . ശീതികരിച്ച ക്യാബിനുകളിൽ പാട്ടുകേട്ട് ടോറസ് ഓടിക്കുന്ന ഡ്രൈവർമാരിൽ പലരും റോഡിൽ നടക്കുന്നസംഭവങ്ങൾഅറിയാറില്ല.പലപ്പോഴും മുന്നറിയിപ്പ് ഇല്ലാതെ ടോറസുകൾ പിറകിലേക്ക് എടുക്കുന്നത് മൂലമാണ് അപകടം. ആലപ്പുഴ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ക്വാറി ഉൽപ്പന്നങ്ങൾഎടുക്കാൻ ജില്ലയിൽ എത്തുന്നത് നൂറുകണക്കിന് ടോറസ് ടിപ്പറുകളാണ്. ഭൂമാഫിയകൾക്കു വേണ്ടിയും നൂറുകണക്കിന് ടിപ്പറുകളാണ് ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പായുന്നത്.

വിദ്യാർത്ഥികളും ഇരകൾ

സ്‌കൂൾ സമയത്തെ നിയന്ത്റണങ്ങളും ടിപ്പറുകൾ പാലിക്കാറില്ല. രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതമുള്ള നിയന്ത്റണമാണ് ടിപ്പർലോറികൾ പാലിക്കാത്തത്. രാവിലെ 9 മുതൽ 10 വരെയും, വൈകിട്ട് 4 മുതൽ 5 വരെയുമാണ് നിയന്ത്രണമുള്ളത്. എന്നാൽ ഈ സമയങ്ങളിൽ സഞ്ചരിക്കുന്ന സ്‌കൂൾ വാഹനങ്ങളെപ്പോലും കടന്നുപോകാൻ അനുവദിക്കാത്തതരത്തിലാണ് ടോറസ് ടിപ്പറുകളുടെ വിളയാട്ടം. സ്‌കൂൾ, കോളജ് പരിസരങ്ങളിൽ രാവിലെയും വൈകിട്ടും പ്രത്യേക സമയങ്ങളിൽ ടിപ്പർ ഗതാഗത നിരോധനം നിലനിൽക്കുന്നുണ്ടങ്കിലും ഇത് നടപ്പിൽ വരുത്തുന്നതിന് അധികൃതർ വീഴ്ച വരുത്തുന്നതാണ് അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നത്.

ഡ്രൈവർമാർക്ക് ലോഡ് ഇനത്തിൽ കൂലി

കൂടുതൽ ലോഡ് എടുക്കുന്നതിന് വേഗപ്പാച്ചിൽ

പായുന്നത് വീതി കുറഞ്ഞ റോഡുകളിലൂടെ

സ്കൂൾ സമയങ്ങളിലും അല്ലാത്ത സമയങ്ങളിലും അപകടകരമായ രീതിയിൽപോകുന്നടോറസ് ലോറികൾക്കെതിരെനടപടിയെടുക്കും. ഓവർ ലോഡ് കയറ്റി പോകുന്നതിനും കർശനമായ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കുറ്റ കൃത്യങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

വി.ടി ഷാജൻ,സി.ഐ കുന്നത്തുനാട്