കൊച്ചി : നഗരസഭപ്രദേശങ്ങളിലെ ക്ഷീരകർക്ക് ഇനി ആശ്വസിക്കാം.പിറവം നഗരസഭയിലെ ക്ഷീര കർഷകരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും അടിക്കടി കാലിത്തീറ്റ വില ഉയരുന്നതും പശുവളർത്തലിൽ നിന്നു ക്ഷീരകർഷകരെ പിന്തിരിപ്പിക്കുമ്പോൾ അവർക്ക് സാന്ത്വനമാവുകയാണ് ഈ നടപടി. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് നഗരസഭാ പരിധിയിലെ ആയിരത്തോളം ക്ഷീര കർഷകരെ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തി.
സംസ്ഥാനത്തെ മറ്റ് 86 നഗരസഭകളെയും മറികടന്നാണ് പിറവത്തിന്റെ ഈ ചരിത്രനേട്ടം. മറ്റ് നഗരസഭകളെക്കൂടി ക്രമേണ പദ്ധതിയിൽ ഉൾപ്പെടുത്തും.
നേരത്തെ നഗരസഭ കൗൺസിൽ യോഗത്തിൽ ഈ വിഷയം പ്രമേയമായി അവതരിപ്പിക്കുകയും കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിഷയം തൊഴിലുറപ്പു പദ്ധതിയുടെ സംസ്ഥാനതല ടെക്‌നിക്കൽ കമ്മിറ്റിയിൽ ചെയർമെൻസ് ചേംബർ സെക്രട്ടറി കൂടിയായ നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് അവതരിപ്പിച്ചു. മന്ത്രി എ.സി. മൊയ്തീൻ ഇത് പരിഗണിക്കുകയും ക്ഷീരകർഷകരെ കൂടി ഉൾപ്പെടുത്തി ഉത്തരവ് ഇറക്കുകയുമായിരുന്നു.
#നേട്ടങ്ങൾ
ഒരു സാമ്പത്തിക വർഷം 27800 രൂപ ഓരോ കർഷകന്റെയും അക്കൗണ്ടിലേക്ക്
#ആനുകൂല്യം ലഭിക്കാൻ ആവശ്യമായ രേഖകൾ
രണ്ട് പശുക്കളെ വളർത്തുന്നുണ്ടെന്ന വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം. രണ്ട് പശുക്കളുടെയും ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്,ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പ്രതിദിനം 10 ലിറ്ററിൽ കുറയാതെ പാൽ അളക്കുന്നതിന്റെ പാസ് ബുക്ക്
ഞങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് വലിയ നേട്ടമായി കാണുന്നു. ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം
സിംപിൾ തോമസ്,ക്ഷീര കർഷകൻ
#പിറവം നഗരസഭയ്ക്ക് നേട്ടം
#തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ക്ഷീരകർഷകന് 100 തൊഴിൽ ദിനങ്ങൾ.
#ഒരു ദിവസം 278 രൂപ വീതം