കൊച്ചി: ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന അതിവേഗം ചാർജാകുന്ന ലിഥിയം അയോൺ ബാറ്ററികളുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനായി ജാപ്പനീസ് കമ്പനി തോഷിബയുടെ പ്രതിനിധികൾ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗിന്റെ (കെൽ) മാമല പ്ളാന്റ് സന്ദർശിച്ചു.
ബാറ്ററി വിഭാഗം മേധാവി യോഷിക്കി ഇഷിസുക്ക, ഇന്ത്യാ മാനേജിംഗ് ഡയറക്‌ടർ ടോമോഹിക്കോ ഒകാടാ എന്നിവരടങ്ങിയ സംഘം കെൽ ചെയർമാൻ വർക്കല ബി. രവികുമാർ, മാനേജിംഗ് ഡയറക്‌ടർ ഷാജി വർഗീസ്, ജനറൽ മാനേജർ സജീവ് എന്നിവരുമായി ചർച്ച നടത്തി. സാധരണ ലിഥിയം അയോൺ ബാറ്ററികൾ മുഴുവൻ ചാർജാകാൻ നാലു മുതൽ അഞ്ചു മണിക്കൂർ സമയമെടുക്കുമ്പോൾ തോഷിബയുടെ ബാറ്ററികൾ 10 മിനിറ്റിനുള്ളിൽ ചാർജാകുമെന്ന് യോഷിക്കി ഇഷിസുക്ക പറഞ്ഞു. ബോട്ടുകൾക്ക് ഉപയോഗിക്കാവുന്ന ലിഥിയം അയോൺ ബാറ്ററികളും നിർമ്മിക്കും. മാമല പ്ലാന്റിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാകും യൂണിറ്റിനായി ഉപയോഗിക്കുക.