ആലുവ: സ്‌കൂൾ പരിസരങ്ങളിലും മറ്റും മയക്കുമരുന്നിന്റെ ഉപഭോഗം തടയുന്നതിനായി എക്‌സൈസ് ജാഗ്രത പാലിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. എക്‌സൈസ് ആലുവ സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നിയോജകമണ്ഡലംതല ജനകീയകമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സർക്കിൾ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യൻ എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനനങ്ങൾ വിശദീകരിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നിർദേശങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.കെ. ഗോപി സ്വാഗതവും പ്രിവന്റീവ് ഓഫിസർ സലീം യൂസഫ് നന്ദിയും പറഞ്ഞു.