കൊച്ചി: ഗോത്ര വർഗ പൈതൃക തനിമ സംരക്ഷിക്കാൻ ഗോത്ര സാംസ്ക്കാരിക സമുച്ചയം ഒരുങ്ങി. ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി എ.കെ. ബാലൻ സമുച്ചയം ഉദ്ഘാടനം ചെയ്യും.
മൂന്ന് നില മന്ദിരത്തിൽ ആധുനിക ആഡിറ്റോറിയം, ഉത്പന്നങ്ങളുടെ പ്രദർശന വിൽപ്പന സ്റ്റാളുകൾ, ഫുഡ് കോർട്ട് ഡോർമിറ്ററി തുടങ്ങിയവയുണ്ട്.
ലക്ഷ്യങ്ങൾ
• കേരളത്തിലെ പട്ടികവർഗക്കാർ തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും
• ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങൾക്ക് വേദി
• വംശീയ ഭക്ഷണ പ്രചാരണം
• ഗോത്രവർഗ തനിമ സംരക്ഷണം
പട്ടിക വർഗക്കാർക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴിൽ സംരംഭമാക്കി സ്ഥാപനത്തെ മാറ്റാനാണ് ലക്ഷ്യം.
മുള ഉത്പന്നങ്ങൾ, ദാരുശില്പങ്ങൾ, വനവിഭവങ്ങൾ, തേൻ, മുളയരി, റാഗി, കൃഷി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഷോപ്പുകളിൽ ലഭിക്കും.
അന്യം നിന്നു പോകുന്ന ഗോത്ര കലാരൂപങ്ങളും, പാരമ്പര്യ അറിവുകളും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഗോത്രകലാ സാംസ്കാരിക സായാഹ്നങ്ങൾക്ക് സ്ഥിരം വേദി ഒരുങ്ങും . കിർത്താഡ്സ് വകുപ്പ്, കൊച്ചിൻ ബിനാലെ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സാംസ്കാരികവകുപ്പ്, സംഗീതനാടക അക്കാഡമി, ഫോക്‌ലോർ അക്കാഡമി തുടങ്ങിയവയുമായി സഹകരിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറും.
സൗകര്യങ്ങൾ
• ആധുനിക ശബ്ദ സംവിധാനങ്ങളോടുകൂടിയ ആഡിറ്റോറിയമാണ് കോംപ്ലക്സിന്റെ ആകർഷണം. കോംബോ സംവിധാനത്തോടെ അക്വാസ്റ്റിക്ക് ട്രീറ്റ്മെന്റ്, വീഡിയോ പ്രൊജക്ടർ ആൻഡ് കൺട്രോൾ സിസ്റ്റം, എ.സി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
• ചെറിയ രീതിയിലുള്ള റസിഡൻഷ്യൽ ക്യാമ്പുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യം.
• പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 20 കിടക്കകൾ വീതമുള്ള പ്രത്യേക ഡോർമെറ്ററികളും പ്രദർശന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഹാളും തയ്യാറാക്കിയിട്ടുണ്ട്.
• കൊച്ചി ഫോർഷോർ റോഡിൽ ഒരു ഏക്കർ 18 സെന്റ് ഭൂമിയിൽ 2229. 22 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ 8.31 കോടി രൂപ മുതൽമുടക്കിലാണ് ട്രൈബൽ കോംപ്ലക്സ്.