കൊച്ചി : എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതി വിട്ട് ദേശീയ പെൻഷൻ പദ്ധതിയിലേയ്ക്ക് മാറാൻ ബാദ്ധ്യസ്ഥരാക്കുന്ന തൊഴിലാളി വിരുദ്ധ നിയമഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ജി. സുഗുണൻ ആവശ്യപ്പെട്ടു.

തൊഴിലാളികൾക്ക് താല്പര്യമുണ്ടെങ്കിൽ മാറാമെന്നാണ് കരട് ഭേദഗതി പറയുന്നതെങ്കിലും ഫലത്തിൽ ഇ.പി.എഫിനെ തകർക്കാനുള്ള ശ്രമമാണ്. എൻ.എസ്.പിയിലേക്ക് കൂടുതൽ തൊഴിലാളികൾ മാറിയാൽ ഉത്തരവാദിത്വം കുറയുമെന്നതാണ് സർക്കാരിന്റെ താല്പര്യം. പി.എഫിൽ തൊഴിലാളികളുടെ വിഹിതം കുറയ്ക്കാനും ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അടിസ്ഥാനശമ്പളത്തിന്റെ 12 ശതമാനം വിഹിതം തൊഴിലാളികൾ നൽകണമെന്നാണ് നിയമമാണ് ഭേദഗതി ചെയ്യുന്നത്. വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ കുറയുന്ന നടപടിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.