1
ഡോ.ബി .ആർ അംബേദ്കർ അയ്യങ്കാളി മുൻസിപ്പൽ ടവർ

തൃക്കാക്കര: പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് സൗജന്യമായി തൊഴിൽ പരിശീലനം നൽകാൻ നഗരസഭ നവീകരിച്ച ഡോ.ബി.ആർ അംബേദ്കർ അയ്യങ്കാളി മുൻസിപ്പൽ ടവർ ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും.പി.ടി.തോമസ് എം .എൽ .എ അദ്ധ്യക്ഷത വഹിക്കും.
ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം മുഖ്യാഥിതിയായിരിക്കും.ചെയർപേഴ്സൻ ഷീല ചാരു,വൈസ്.ചെയർമാൻ കെ.ടി .എൽദോ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എം നാസർ,മേരി കുര്യൻ, തുടങ്ങിയവർ പ്രമുഖർ പ്രസംഗിക്കും.
പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി രണ്ടുകോടിരൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്.ബേസ്‌മെന്റ് പാർക്കിംഗുള്ളകെട്ടിടത്തിന്റെ,ഒന്നാം നിലയിൽ തൊഴിൽ പരിശീലന കേന്ദ്രവും,ബാക്കിയുള്ള നിലകളിൽ അനുബന്ധ സംവിധാനവുമാണ് ഒരുക്കിയിട്ടളളത്
18വർഷം മുമ്പ് കാക്കനാട് പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രത്തിന് സമീപം 15ലക്ഷം രൂപ ചെലവഴിച്ച് ഒമ്പതു സെന്റ് സ്ഥലത്താണ് പരിശീലനകേന്ദ്രം ആദ്യം ആരംഭിച്ചത്. 25തയ്യൽമെഷീനുകൾ, വെൽഡിംഗ്‌ സെറ്റ്, നെയ്ത്ത് എന്നീ സൗജന്യ തൊഴിൽ പരിശീലനത്തിനായി ആദ്യകാലത്ത് വാങ്ങിക്കൂട്ടിയിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞഉടനെ മുഴുവൻ തയ്യൽ യന്ത്രങ്ങളും മോഷണം പോയി. തുടർന്ന് പരിശീലന കേന്ദ്രം ഭരണസമിതി അടച്ചിടുകയായിരുന്നു.