കൊച്ചി: സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരും ഏകപക്ഷീയമായി റിലയൻസ് ജിയോയ്ക്ക് കൂടുതൽ വൈദ്യുതി പോസ്റ്റ് അനുവദിക്കുന്നത് നിറുത്തി വയ്ക്കണമെന്നും സർക്കാർ നയം വ്യക്തമാക്കണമെന്നും ചെറുകിട കേബിൾ ടിവി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. രാജൻ ആവശ്യപ്പെട്ടു.
റിലയൻസ് ജിയോയ്ക്ക് പുതിയതായി 5 ലക്ഷം വൈദ്യുതി പോസ്റ്റുകൾ അനുവദിക്കാനും ചെറുകിട കേബിൾ ടി.വി ഓപ്പറേറ്റർമാരെ വൈദ്യുതി പോസ്റ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കാനും നീക്കം നടന്നുന്നുണ്ട്. കെ- ഫോൺ പദ്ധതി സർക്കാർ നടപ്പാക്കും വരെ കേബിൾ ടി.വി ഓപ്പറേറ്റർമാരെ ഒഴിവാക്കില്ലെന്ന ബോർഡ് അധികൃതരുടെ മറുപടി ചെറുകിട കേബിൾ ഓപ്പറേറ്റർമാർക്ക് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
ചട്ടങ്ങൾ കാറ്റിൽ പറത്തി 2015 ൽ വൈദ്യുതി പോസ്റ്റിൽ കേബിൾ വലിക്കുന്നതിന് ജിയോയ്ക്ക് അനുമതി നൽകിയപ്പോൾ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ഈ തീരുമാനത്തെ എതിർത്തു. ജിയോ വലിയ പ്രചരണങ്ങളുമായി വ്യവസായമാകെ കൈപ്പിടിയിലൊതുക്കാൻ വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിലപാട് കൂടിയാകുമ്പോൾ കേരളത്തിലെ ചെറുകിട കേബിൾ ടി.വി ഓപ്പറേറ്റർമാരെ നിഷ്കാസനം ചെയ്യുകയാണ് ഗൂഢലക്ഷ്യമെന്നു കരുതുന്നു.
റിലയൻസ് ജിയോയ്ക്ക് കൂടുതൽ വൈദ്യുതി പോസ്റ്റുകൾ അനുവദിക്കുന്നതോടെ ഭാവിയിൽ കെ.എസ്.ഇ.ബി തന്നെ റിലയൻസിന്റെ അധീനതയിലാകും. സംസ്ഥാനത്തെ ചെറുകിട കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് പുറമേ സിനിമ വ്യവസായം, ഇന്റർനെറ്റ് കഫേകൾ, മറ്റ് ചെറുകിട വ്യാപാര വ്യവസായ മേഖലകൾ എല്ലാം നാമാവശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.