കോലഞ്ചേരി: ഓണത്തിന് പച്ചക്കറി വിഭവങ്ങൾ വാങ്ങുമ്പോൾ കീശ കീറുമോയെന്ന് ആശങ്ക. അത്തമെത്തിയതോടെ പച്ചക്കറി വില കുതിക്കുകയാണ്. ഓണമെത്തുമ്പോൾ വില എത്ര ഉയരത്തിലെത്തുമെന്ന് കണ്ടു തന്നെ അറിയണം. അപ്രതീക്ഷിതമായി വില ഉയർന്നത്, സവാളയ്കാണ് ഒറ്റ ദിവസം കൊണ്ട് വില പത്ത് രൂപയിലേറെ കയറി. ഇന്നലെ റീട്ടെയിൽ വില 40 ,44 രൂപയാണ്.

ഏത്തക്കായയും ഒട്ടും പിന്നിലല്ല. ഇന്നലെ നാടൻ പച്ചക്കായ വില്പന വില കിലോയ്ക്ക് 48 ലെത്തി. തമിഴ്നാടൻ 44 നാണ് വില്പന . ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 8 രൂപ.

തക്കാളി മാത്രമാണ് ആകെ ആശ്വാസം. വീണ്ടും വില കുറഞ്ഞ് 20 ലെത്തി. സവാള വരവ് കുറഞ്ഞതാണ് വില കയറാൻ കാരണം.

രാജസ്ഥാൻ, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് ചരക്ക് വരേണ്ടത്.

ഗണേശോത്സവം അടുത്തതോട‌െ ഇനി വില കുറയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കർണാടകയിൽ ബാഗൽ കോട്ട് , വിജയാപുര, ദാവനഗരൈ, ചിത്രദുർഗ എന്നീ ജില്ലകളിലാണ് സവാള കൃഷി കൂടുതൽ. ഇവിടെ വരൾച്ച കഠിനമായതോടെ വിളവെടുപ്പ് പകുതിയായി കുറഞ്ഞു. ഇതും വില ഉയരാൻ കാരണമായി.

സർവ്വീസ് സഹകരണ ബാങ്കുകളും, മാവേലി സ്റ്റോറുകളും ഓണച്ചന്ത തുടങ്ങാൻ സർക്കാർ നിർദ്ദേശം നല്കി കഴിഞ്ഞു.

മറ്റ് പച്ചക്കറികളുടെ ഇന്നത്തെ വില

ഉരുള കിഴങ്ങ് 30

ബീൻസ് 60

ക്യാരറ്റ് 60

ബീറ്റ് റൂട്ട് 40

പയർ 40

കോളിഫ്ളവർ 40

തക്കാളി 20

വെണ്ടയ്ക്ക 30

പച്ച മുളക് 60

ഇഞ്ചി 200

പടവലം 40

പീച്ചിങ്ങ 50

കുമ്പളം 20

വെള്ളരി 30

മത്തൻ 24

ചേന 40