കൊച്ചി : മഹാരാജാസ് കോളേജ് സ്റ്റേഷനിൽ നിന്ന് വൈറ്റില കടന്ന് തൈക്കൂടം വരെ സർവീസ് ആരംഭിക്കുന്നതോടെ മെട്രോയുടെ മാത്രമല്ല, നഗരത്തിന്റെ പൊതുഗതാഗത സംവിധാനമാകെ കുതിപ്പ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈറ്റില ഹബ്, എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷൻ എന്നിവ ഏറ്റവുമധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന മെട്രോ സ്റ്റേഷനുകളായി മാറുമെന്നാണ് കരുതപ്പെടുന്നത്.

ടിക്കറ്റ്, ടിക്കറ്റിതര വരുമാനത്തിൽ മറ്റു മെട്രോകളെക്കാൾ ഭേദപ്പെട്ട നിലയിലാണ് കൊച്ചി. ടിക്കറ്റ് വരുമാനം വർദ്ധിക്കാൻ മഹാരാജാസ് തൈക്കൂടം പാത സഹായിക്കും. കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സഹോദരൻ അയ്യപ്പൻ റോഡിന് പകരം മെട്രോയിൽ കൂടുതൽ പേർ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതുവഴി ടിക്കറ്റ് വരുമാനം വർദ്ധിക്കുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ.

വൈറ്റില പ്രമുഖ സ്റ്റേഷനാകും

മറ്റു ജില്ലകളിൽ നിന്ന് ദിവസവും ആയിരിക്കണക്കിന് പേരെത്തുന്ന വൈറ്റില ഹബിലെ മെട്രോ സ്റ്റേഷനിൽ നിന്ന് വലിയ തോതിൽ യാത്രക്കാരെ കെ.എം.ആർ.എൽ പ്രതീക്ഷിക്കുന്നുണ്ട്. . വൈറ്റിലയിൽ നിന്ന് മഹാരാജാസ് വരെ 20 , കലൂർ വരെ 30 എന്നിങ്ങനെയാണ് നിരക്ക്.

# ട്രെയിൻ യാത്രക്കാർക്ക് നേട്ടം

ട്രെയിൻ യാത്രക്കാർക്കാകും പാത നീട്ടുമ്പോൾ ഏറ്റവുമധികം പ്രയോജനം ചെയ്യുക. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷൻ വളപ്പിൽ തന്നെയാണ് മെട്രോ സ്റ്റേഷനും. ട്രെയിൻ ഇറങ്ങുന്നവർക്ക് മെട്രോയിൽ കയറി വൈറ്റില, കലൂർ, മേനക, ഹൈക്കോടതി, ഇടപ്പള്ളി, കളമശേരി തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ മിനിറ്റുകൾക്കകമെത്താം.

റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നവർക്കും എളുപ്പമാകും. ബസിലോ ഓട്ടോറിക്ഷയിലോ സഞ്ചരിക്കുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ട് ട്രെയിൻ വിട്ടുപോകുമെന്ന ആശങ്കയൊഴിയും. നിലവിൽ മഹാരാജാസിൽ ഇറങ്ങിയാണ് സൗത്ത് റെയിൽവെ സ്റ്റേഷനിലേക്ക് യാത്രക്കാർ പോകുന്നത്. ആലുവ മുതൽ മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർ എറണാകുളം സൗത്ത് വരെ ട്രെയിൻ കിട്ടുമോയെന്ന് അന്വേഷിക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു.

# യൂണിയനുണ്ട്, പണിമുടക്കില്ല

കൊച്ചി മെട്രോയിലെ ജീവനക്കാർക്കും കുടുംബശ്രീ ജീവനക്കാർക്കും യൂണിയനുകളുണ്ടെങ്കിലും പണിമുടക്കില്ല. അവശ്യ സർവീസായതിനാൽ പണിമുടക്കില്ലെന്ന് രണ്ടു യൂണിയനുകളും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

കെ.എൽ.ആർ.എല്ലിലെ ജീവനക്കാരുടെ സംഘടനയാണ് ഏറ്റവുമൊടുവിൽ രൂപീകരിച്ചത്. കൊച്ചി മെട്രോ എംപ്ളോയീസ് യൂണിയൻ എന്ന സംഘടന സി.ഐ.ടി.യുവിന്റെ ഭാഗമാണ്. ആഗസ്റ്റ് രണ്ടിന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സംഘടനയിൽ ഇരുനൂറോളം പേർ അംഗങ്ങളാണ്. 600 ജീവനക്കാരാണ് കെ.എം.ആർ.എല്ലിനുള്ളത്. ജീവനക്കാരുടെ ക്ഷേമമാണ് ലക്ഷ്യം, സമരമല്ലെന്ന് യൂണിയൻ സെക്രട്ടറി എം.എം. സിബി പറയുന്നു.

മെട്രോയിലെ ടിക്കറ്റിംഗ്, കസ്റ്റമർ കെയർ തുടങ്ങിയ സേവനങ്ങൾ കരാറെടുത്ത കുടുംബശ്രീയുടെ മുന്നൂറോളം ജീവനക്കാരുണ്ട്. ഇവരെ ഉൾപ്പെടുത്തി തൊഴിലാളി യൂണിയൻ രൂപീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം കുടുംബശ്രീ തൊഴിലാളികളും അംഗത്വമെടുത്തിരുന്നു. കുറഞ്ഞ കൂലി ഉൾപ്പടെ സേവനവേതന വ്യവസ്ഥകൾ ഉറപ്പാക്കുമെന്ന് യൂണിയൻ ഉറപ്പു നൽകിയിരുന്നു. ദേശീയ പൊതുപണിമുടക്കിൽ ഉൾപ്പെടെ യൂണിയൻ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു.

# കാഴ്ചാ വിരുന്നാകും

നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇനി മെട്രോ കൂടുതൽ ആകർഷകമാകും. നഗരത്തിന്റെ ഹൃദ്യമായ കാഴ്ചകൾ മഹാരാജാസിനും തൈക്കൂടത്തിനുമിടയിലുണ്ട്. നഗരത്തിലെ പച്ചപ്പുകളുടെ ആകാശ കാഴ്ചയാകും ആകർഷണം. സൗത്ത് റെയിൽവെ സ്റ്റേഷനിൽ പാളത്തിന് കുറുകയെുള്ള കാൻഡിലിവർ പാലമാകും മുഖ്യ ആകർഷണം. എളംകുളം മുതൽ തൈക്കൂടം വരെ ഹരിതദൃശ്യങ്ങളും കായൽസൗന്ദര്യവും മെട്രോ ട്രെയിനിൽ നിന്ന് ആസ്വദിക്കാം. വൈറ്റിലയിൽ ദേശീയപാത ബൈപ്പാസ് മുറിച്ചുകടന്നുള്ള യാത്രയും കൗതുകം പകരും.

മെട്രോ ട്രെയിൻ ഏറ്റവും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുക മഹാരാജാസിനും കടവന്ത്രയ്ക്കുമിടയിലാകും. ജോസ് ജംഗ്ഷനിൽ നിന്ന് സൗത്തിലേയ്ക്കുള്ള വളവ്, കാൻഡിലിവർ പാലം എന്നിവിടങ്ങളിലാകും ഏറ്റവും കുറഞ്ഞ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുക.