കൊച്ചി: കേന്ദ്ര സർക്കാരിന്റെ മത്സ്യബന്ധന നിയന്ത്രണ നിയമത്തിനെതിരെ സെപ്തംബർ 5 ന് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സമരം സംഘടിപ്പിക്കും. കടലും കടൽ തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി ടി. രഘുവരനും പറഞ്ഞു.
ഭരണഘടനാപരമായി തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ വരെ സംസ്ഥാന സർക്കാരിനാണ് അധികാരം. ഈഭാഗത്ത് മത്സ്യ ബന്ധനത്തിനുള്ള ലൈസൻസ് നൽകുന്നത് സംസ്ഥാന സർക്കാരുകളാണ്. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവന കേന്ദ്രമാണിത്. സംസ്ഥാന സർക്കാരുകൾക്ക് നിലവിൽ 12 നോട്ടിക്കൽ മൈൽ അധികാരം എന്നത് 36 നോട്ടിക്കൽ മൈൽ ആക്കണമെന്ന് ആവശ്യം ഉയരുമ്പോളാണ് നിലവിലെ അധികാരം കൂടി കേന്ദ്രം കവരുന്നത്.
12 നോട്ടിക്കൽ മൈലിനപ്പുറമുള്ള എക്‌സ്ക്ലൂസീവ് ഇക്കണോമിക്ക് സോണിന്റെ അധികാരം കേന്ദ്ര സർക്കാരിനാണ്. രണ്ട് ഭാഗങ്ങളിലും മത്സ്യബന്ധനം നടത്തണമെങ്കിൽ രണ്ട് തരം ലൈസൻസ് വേണ്ടി വരും. നിലവിൽ 12 നോട്ടിക്കൽ മൈലിനപ്പുറം 100 നോട്ടിക്കൽ മൈൽ വരെ പോയി ദക്ഷിണേന്ത്യയിലെ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുണ്ട്.അവർക്ക് കടുത്ത ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
പുതിയ നിയമപ്രകാരം കേന്ദ്ര ഏജൻസികൾക്ക് മത്സ്യ ബന്ധന യാനങ്ങൾ പരിശോധിക്കാനും 3 വർഷം വരെ തടവും 9 ലക്ഷം രൂപവരെ പിഴ ചുമത്താനും അധികാരമുണ്ട്. പമ്പരാഗത മത്സ്യ തൊഴിലാളികൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ് കേന്ദ്രം നടത്തുന്നതെന്ന് അവർ പറഞ്ഞു.