കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച അദ്ധ്യാപക-രക്ഷകർതൃ സംഘടനകളിൽ രണ്ടാം സ്ഥാനം ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിന്. സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരത്തിന് നാലു ലക്ഷം രൂപയും പ്രശസ്തി പത്രവും സ്കൂളിന് ലഭിക്കും. ജില്ലയിലെ മികച്ച പി.ടി.എ അവാർഡ് തുടർച്ചയായി ലഭിക്കുന്ന വിദ്യാലയമാണിത്. സെപ്തംബർ 5ന് തിരുവനന്തപുരത്ത് നടക്കുന്ന അദ്ധ്യാപകദിനാഘോഷ ചടങ്ങിലാണ് പുരസ്കാരം വിതരണം. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും ഏറ്റവും ശ്രദ്ധേയമായി കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. എന്റെ മരം നന്മമരം, മുറ്റത്തൊരു മുളകും കറിവേപ്പും പോലെയുള്ള നവീന പദ്ധതികൾ, അമ്മ മലയാളം, സാഹിത്യ ദർപ്പണം, പുസ്തക മേളകൾ, സാംസ്കാരിക ഉത്സവങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ വർഷംതോറും സംഘടിപ്പിക്കാറുണ്ട്. പ്രൊഫ.എം.കെ സാനു, ഡോ.എം. ലീലാവതി, സേതു, എൻ. എസ് മാധവൻ, കുരീപ്പുഴ ശ്രീകുമാർ, കെ.എൽ മോഹനവർമ്മ, പെരുമ്പടവം ശ്രീധരൻ, സി.വി ബാലകൃഷ്ണൻ, ബെന്യാമിൻ, വൈശാഖൻ, ആർട്ടിസ്റ്റ് നമ്പൂതിരി, ജോൺപോൾ തുടങ്ങി ഒട്ടുമിക്ക സാഹിത്യ-സാംസ്കാരിക നായകൻമാരും വിവിധ പരിപാടികളിലായി ഇവിടെ പങ്കെടുക്കാൻ വന്നിട്ടുണ്ട്. പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്ന ഭവനപദ്ധതി, ചികിത്സാ സഹായ പദ്ധതി, ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്നതിനുള്ള പദ്ധതി തുടങ്ങിയവയും വിജയകരമായി സ്കൂളൽ നടക്കുന്നു. 3300 കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി 50,000 രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്ന ആരോഗ്യ ഇൻഷ്വറൻസും പി.ടി.എ നടപ്പാക്കിയിട്ടുണ്ട്. അദ്ധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും ഒരുമയോടെ പ്രവർത്തിക്കുന്നതാണ് ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം. പ്രളയം താറുമാറാക്കിയ ജനതയുടെ ജീവിത സുരക്ഷയ്ക്കായി 51,66,1216 രൂപയുടെ സഹായമാണ് വിദ്യാലയം കേരളത്തിനായി സംഭാവന നൽകിയത്. അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിൽ ഓരോ വർഷവും വന്നുചേരുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ അക്കാദമിക് വർഷം 666 കുട്ടികൾ അഡ്മിഷൻ നേടി. പ്രിൻസിപ്പൽ ഇ.ജി ബാബു, ഹെഡ്മിസ്ട്രസ് എൻ.സി ബീന, പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത്. ആർ, ശാഖായോഗം സെക്രട്ടറി ജിനുരാജ് എന്നിവരുടെ നേതൃത്വമാണ് നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം. പുരസ്കാരങ്ങൾ അനവധി കഴിഞ്ഞ വർഷത്തെഏറ്റവും മികച്ച പൊതുവിദ്യാലയത്തെ കണ്ടെത്തുന്നതിനുള്ള 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ'യിൽ,ഒന്നാംസ്ഥാനം. എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള കെ ജെ ബർളി - കെ ജെ ഹർഷൽ പുരസ്കാരം, വിദ്യാധനം എക്സലൻസ് അവാർഡ്, സൈനിക ക്ഷേമവകുപ്പ് പുരസ്കാരം, ജില്ലാ പഞ്ചായത്ത് മികച്ച സ്കൂൾ പുരസ്കാരം ജീവാമൃതം എന്ന സസ്യശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം രചിച്ച് 'ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സി'ൽ ഇടം നേടിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി/പ്ലസ് ടു പരീക്ഷയെഴുതുന്ന, പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂൾ.