കൊച്ചി: പൊന്നോണമെത്താൻ പത്തുനാളെന്നുറപ്പിച്ച് ഇന്ന് അത്തം പിറന്നു. അത്തം മുതൽ പത്തു ദിവസം ഇനി ഓണഘോഷത്തിരക്കിലമരും നാടും നഗരവും. വൈകിയെത്തിയ കാലവർഷം തിമിർത്തു പെയ്യുമ്പോഴും കഴിഞ്ഞ വർഷം പ്രളയത്തിൽ മുങ്ങിപ്പോയ ഓണാഘോഷം തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് നഗരവാസികൾ. ആഘോഷത്തിന് ആരംഭം കുറിച്ച് ഇന്നുമുതൽ വീട്ടുമുറ്റങ്ങൾ പൂക്കളം അലങ്കരിക്കും. ഇല കുമ്പിൾ കുത്തി പൂക്കൾ തേടി പാടത്തും പറമ്പിലും കയറിയിറങ്ങിയ കുട്ടിക്കൂട്ടങ്ങളാണ് പണ്ട് അത്തത്തിന്റെ വരവ് അറിയിച്ചിരുന്നതെങ്കിൽ ഇന്ന് നഗരത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വണ്ടിയേറിയെത്തുന്ന പൂക്കളാണ് അത്തമെത്തിയെന്നറിയിക്കുന്നത്. തുമ്പയും മുക്കുറ്റിയും ചെമ്പരത്തിയുമൊന്നും കണി കാണാൻ കിട്ടില്ലെങ്കിലും പൂക്കളങ്ങൾക്ക് നിറപ്പകിട്ടേറ്റാൻ ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി, റോസാപ്പൂ, മുല്ലപ്പൂ, എന്തിന് സൂര്യകാന്തി വരെ നഗരത്തിലെത്തിയിട്ടുണ്ട്.

തമിഴ്നാട്, കർണ്ണാടകയിലും കാലാവസ്ഥ ചതിച്ചത് പൂ കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ മഴ മാറിനിന്നതാണ് വില്ലനായതെങ്കിൽ കർണ്ണാടകയിൽ തകർത്തുപെയ്ത മഴയാണ് പൂകൃഷിയ്ക്ക് വിലങ്ങുതടിയായത്. കാലാവസ്ഥയെ അതിജീവിച്ചെത്തിയ പൂക്കൾക്ക് നഗരത്തിലെത്തുമ്പോൾ പൊന്നുംവിലയാണ്. രാവിലെ ആറിന് തന്നെ പൂക്കൾ കൊച്ചിയിൽ എത്തും. നോർത്ത് പരമാര റോഡിൽ വൻകിട കച്ചവടക്കാർക്കൊപ്പം സ്ഥിരമായി പൂക്കൾ വിൽക്കുന്ന തമിഴ് സ്ത്രീകളും ഇന്നലെ മുതൽ നിരത്തുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നഗരത്തിലെ മിക്ക സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പൂക്കളമത്സരങ്ങൾ കൂടി ആരംഭിക്കുന്നതോടെ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. 200 രൂപ മുതൽ 600 രൂപ വരെയാണ് പൂവുകൾക്ക് വില. ഓരോ ദിവസവും വില വ്യത്യാസപ്പെടും. തിരുവോണമെത്തുമ്പോഴേക്കും വില കുതിച്ചുയരാനാണ് സാധ്യത. എങ്കിലും മാറാതെ നിൽക്കുന്ന മഴ കച്ചവടക്കാരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.

പൂവ് - വില (കിലോയ്ക്ക്)

വയലറ്റ് നിറമുള്ള ആസ്ട്ര - 600

വാടാമല്ലി - 200

ഓറഞ്ച് ചെണ്ടുമല്ലി - 200

മഞ്ഞ ചെണ്ടുമല്ലി - 250

അരളി - 300

വെള്ള ജമന്തി - 400

റോസാപ്പൂ - 500

മുല്ലപ്പൂ - 40 രൂപ (ഒരുമുഴം)

അന്യസംസ്ഥാന പൂക്കൾ

തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് പൂക്കളേറെയും കൊച്ചിയിലെത്തിയിട്ടുള്ളത്. തേനി ജില്ലയിലെ വീരപാണ്ടിക്കും ചിന്നമന്നൂരിനും ഇടയിലുള്ള 14 ഗ്രാമങ്ങളിൽ നിന്നാണ് പ്രധാനമായും ഓണക്കാലത്തേക്കുള്ള പൂക്കളെത്തുന്നത്. ബംഗളൂരു, ദിണ്ടുക്കൽ, സേലം, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നും പൂക്കൾ കൊച്ചിയിൽ എത്തുന്നുണ്ട്.

"മഴ കാരണം കൃഷി നശിച്ചതിനാൽ പൂക്കൾക്ക് നല്ല വിലയാണ്. കഴിഞ്ഞ വർഷമാണ് കച്ചവടത്തിൽ ഏറ്റവും അധികം നഷ്ടം ഉണ്ടായത്. ഈ വർഷം ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും വിപണിയെ കാര്യമായി ബാധിക്കില്ല എന്നാണ് പ്രതീക്ഷ."

കാർത്തിക് ,കൊച്ചിൻ ഫ്ളവേഴ്‌സ് പൂക്കട എറണാകുളം നോർത്ത്.