കൊച്ചി : കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെയും കേരളത്തിൽ ആദ്യമായി റുമറ്റോളജിയിൽ ഡി.എൻ.ബി കോഴ്‌സ് ആരംഭിക്കുന്നതിന്റെയും ഉദ്ഘാടനം നാളെ (ചൊവ്വ) രാവിലെ 11ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ഒരേസമയം എട്ട് രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ അറിയിച്ചു. നിർദ്ധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയലിസിസ് അനുവദിക്കും.

വാതരോഗ വിദഗ്ദൻ ഡോ. പദ്മനാഭ ഷേണായ്, ആശുപത്രി ബോർഡ് പ്രസിഡന്റ് ആർ. രത്‌നാകര ഷേണായ്, അമൃത മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വിശാൽ മർവ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.കുട്ടപ്പൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. മാത്യൂസ് നമ്പേലി, കൗൺസിലർ സുധ ദിലീപ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാമാനന്ദ പൈ, റുമറ്റോളജിസ്റ്റ് ഡോ. നാരായണൻ കൃഷ്ണൻ, നെഫ്രോളജിസ്റ്റ് ഡോ. വിനോദ് കുമാർ, ജനറൽ സെക്രട്ടറി വി. മനോഹർ പ്രഭു എന്നിവരും ചടങ്ങിൽ പങ്കെടുക്കും.