തോപ്പുംപടി: വെള്ളനിറമുള്ള പൂക്കൾക്ക് ക്ഷാമമാണ്. തുമ്പപ്പൂ കിട്ടാതായതോടെ വെള്ള നിറമുള്ള പൂക്കളുടെ വരവായിരുന്നു ആളുകളുടെ ആശ്വാസം. അതിൽ വെള്ള ജമന്തി ഇത്തവണയെത്തിയിട്ടില്ല. നാടൻ മുല്ല കണികാണാനില്ല. പുറത്തുനിന്ന് എത്തുന്ന ഒരു മുഴം മുല്ലപ്പൂവിന് ഇന്നലെ 50 രൂപയായിരുന്നു പള്ളുരുത്തിയിൽ വില. വിനായക ചതുർത്ഥി പ്രമാണിച്ചാണ് മുല്ലക്ക് വില കുത്തനെ കൂടിയത്.
പടിഞ്ഞാറൻ കൊച്ചിയുടെ വിവിധ പ്രദേശങ്ങളായ തോപ്പുംപടി, പള്ളുരുത്തി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ അത്തത്തോടനുബന്ധിച്ച് വൻതോതിൽ പൂക്കൾ എത്തി തുടങ്ങി.തമിഴ്നാട് പ്രദേശമായ കോയമ്പത്തൂർ, തോവാള, ഡിണ്ടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പൂക്കൾ എത്തുന്നത്. ബാംഗ്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും വരുന്നുണ്ട്. തമിഴ്നാട്ടിൽ മഴ ശക്തി പ്രാപിച്ചതോടെയാണ് പൂക്കൾക്ക് ക്ഷാമം നേരിടുന്നത്. ആസ്റ്റർ, സീനിയ, കളർപൂക്കൾ എന്നിവ ഇക്കുറി എത്തിയിട്ടില്ല. കഴിഞ്ഞ തവണ അത്തക്കളം ഒരുക്കുന്നതിന് വിപണിയിൽ കിറ്റിന് 30 ഉണ്ടായിരുന്നത് ഇത്തവണ 50 രൂപയായി. പത്ത് കിറ്റ് വാങ്ങിയാലേ ഒരു അത്തക്കളത്തിന് പൂക്കൾ തികയൂ എന്നതാണ് അവസ്ഥ.