കൊച്ചി: ഗോശ്രീ ബസുകൾ ഇന്ന് മുതൽ നഗരത്തിൽ പ്രവേശിക്കും. രാവിലെ ഒമ്പതു മണിക്ക് കാളമുക്ക് കവലയിൽ എസ്.ശർമ്മ എം.എൽ.എ പുതിയ സർവീസുകളുടെ ഫ്ളാഗ് ഒഫ് നിർവഹിക്കും. വൈപ്പിൻ കരക്കാരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബസുകളുടെ നഗരപ്രവേശനത്തിന് തുടക്കമാകുന്നത്. മുനമ്പം,ചെറായി,പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ ഗോശ്രീപ്പാലം വഴി കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് മുതൽ സർവീസ് നടത്തും. കൊച്ചി മെഡിക്കൽ കോളേജ്, അമൃതആശുപത്രി, വൈറ്റില, തൃപ്പൂണിത്തുറ, തോപ്പുംപടി, ഇൻഫോപാർക്ക്, കാക്കനാട്, കരിമുഗൾ, എറണാകുളം, ഫോർട്ട്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കാവും സർവീസുകൾ നടത്തുകയെന്ന് എസ്.ശർമ്മ എം.എൽ.എ അറിയിച്ചു.