നെടുമ്പാശേരി: നെടുമ്പാശ്ശേരി പഞ്ചായത്ത് 17 ാം വാർഡിൽ തോട്ടിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട ചർച്ച തടസപ്പെടുത്തിയ പ്രതിപക്ഷ നടപടി പ്രതിഷേധാർഹമാണെന്ന് ഭരണപക്ഷം ആരോപിച്ചു.
പുത്തൻ തോട്ടിൽ നിന്നും മാങ്ങാപിള്ളി ചിറയിലേയ്ക്ക് ഒഴുകുന്ന തോട്ടിൽ പുല്ലും, പായലും നീക്കം ചെയ്തതിന്റെ ഭാഗമായി പഞ്ചായത്ത് അനുമതിയില്ലാതെ യന്ത്രം ഉപയോഗിച്ച് മണ്ണെടുത്ത് നിക്ഷേപിച്ചത് സംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പരാതി ചർച്ച ചെയ്യുന്നതിനിടെയാണ് ആരോപണം. മണ്ണും, മാലിന്യങ്ങളും നിക്ഷേപിച്ച ഭൂമിയുടെ സമീപത്തെ വീടുകളിലെ കിണറുകൾ മലിനമായതായി പ്രദേശവാസികൾ പരാതി നൽകിയിരുന്നു. ഇക്കാര്യം പഞ്ചായത്ത് ഭരണസമിതി ചർച്ചയ്‌ക്കെടുത്തപ്പോൾ കോൺഗ്രസ് അംഗമായ വാർഡ് മെമ്പർ വിശദീകരണം നൽകുന്നതിനു പകരം, രാഷ്ട്രീയ ആരോപണം ഉന്നയിയ്ക്കുകയാണ് ചെയ്തത്.
പരാതിക്കാരെയും, ഭൂഉടമയെയും വിളിച്ചു വരുത്തി അവരുടെ അഭിപ്രായം കേൾക്കുന്നതിനുള്ള നടപടി പ്രസിഡന്റ് മിനി എൽദോ പ്രഖ്യാപിയ്ക്കുന്നതിന് മുമ്പ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയി. ഇക്കാര്യത്തിൽ രാഷ്ട്രീയ മുഖം നോക്കിയല്ല, വസ്തുതകൾ വിലയിരുത്തിയാകും ഭരണ സമിതി നടപടി സ്വീകരിയ്ക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോയും, വൈസ് പ്രസിഡന്റ് പി.സി. സോമശേഖരനും അറിയിച്ചു.