താത്കാലിക കോടതിക്കായി കെട്ടിടം തിരയുന്നു 80,000 ചതുരശ്ര അടി അഞ്ചു നില കെട്ടിടം
ആലുവ: 12 കോടി രൂപ ചെലവിൽ ആലുവയിൽ പുതിയ കോടതി സമുച്ചയം ഉയരും. ഇപ്പോൾ കോടതി പ്രവർത്തിക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം . ഇവിടെ പോസ്കോ കോടതിയും ഉണ്ടാകും.
കഴിഞ്ഞ ദിവസം ഹൈക്കോടതി, ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തിൽ കാസിനോ തീയേറ്ററിന് സമീപം മാർവർ ജംഗ്ഷനിലെ നഗരസഭ കെട്ടിട മടക്കം ഏതാനും സ്ഥലങ്ങൾ താത്ക്കാലിക കോടതിക്കായിപരിശോധിച്ചു. ഏതാനും സ്വകാര്യ കെട്ടിടങ്ങളും പരിഗണിക്കുന്നുണ്ട്. അടുത്തയാഴ്ച്ചയോടെ പുതിയ കോടതി കെട്ടിടത്തിനുള്ള രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. കെട്ടിട പ്ലാനിന് ഹൈക്കോടതിയുടെ അനുമതിയടക്കമുള്ള നടപടികൾ പൂർത്തിയാക്കിയാൽ നിലവിലുള്ള കെട്ടിടം പൊളിക്കും. രണ്ട് മജിസ്‌ട്രേറ്റ് കോടതികളും ഒരു മുൻസിഫ് കോടതിയുമാണ് നിലവിലുള്ളത്. താത്ക്കാലിക കോടതിയിൽ പോസ്‌കോ കോടതിയും ആരംഭിക്കും.
നിലവിൽകോടതിയും ക്വാർട്ടേഴ്‌സും 85 സെന്റ് സ്ഥലത്താണ്. മജിസ്‌ട്രേട്ടുമാർക്കായി ഫ്‌ളാറ്റ്മാതൃകയിൽ ക്വാർട്ടേഴ്‌സും നിർമ്മിക്കും. കോടതി കെട്ടിട സമുച്ചയത്തിൽ കൂടുതൽ വിഭാഗങ്ങളിലെ കോടതികൾക്കുള്ള സൗകര്യം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കുടുംബകോടതി, സബ് കോടതി, എം.എ.സി.ടി കോടതി, സാമ്പത്തിക കുറ്റാന്വേഷണ കോടതി എന്നിവ സ്ഥാപിക്കണമെന്നാണ് ബാർ അസോസിയേഷൻെറ ആവശ്യം.