ഫോർട്ട് കൊച്ചി: ജൂത മുത്തശി സാറാ കോഹന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചക്ക് 2 മണിയോടെ ചക്കാമാടത്തെ സെമിത്തേരിയിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു. സാറയുടെ സഹോദരി പുത്രൻ യാക്കോബ് അന്ത്യകർമ്മങ്ങൾ നടത്തി.സാറയുടെ ആഗ്രഹപ്രകാരം അവർക്ക് ശവകല്ലറ ഒരുക്കിയത് മരണമടഞ്ഞ ഭർത്താവ് ജേക്കബിന്റെയും സഹോദരൻ ഷാലോം എബ്രഹാം കോഹൻന്റെയും കല്ലറയ്ക്ക് മദ്ധ്യയാണ്. പ്രത്യേക തരത്തിലുള്ള വസ്ത്രം അണിയിച്ച് കൊച്ചിയുടെയും ജൂതരുടെയും ആചാരങ്ങൾ കോർത്തിണക്കിയാണ് ചടങ്ങുകൾ നടന്നത്. കൊച്ചിയിലെ ജൂത തെരുവിലെ വിളക്കാണ് അണഞ്ഞതെന്ന് മുംബയിലെ കോൺസുലേറ്റ് ജനറലും ബന്ധുവുമായ യാക്കോവ് ഫിൻ കെൽസ്റ്റൻ സംസ്ക്കാര ചടങ്ങിനിടയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ സിനഗോഗ് വാർഷികത്തിൽ താൻ എത്തിയപ്പോൾ കൊച്ചിയേയും കൊച്ചിക്കാരെക്കുറിച്ചും സാറാ ധാരാളം കാര്യങ്ങൾ തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. നാനാജാതിയിൽപ്പെട്ടവരാണ് ജൂതമുത്തശിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. ഇന്നലെ 12 ന് തുടങ്ങിയ ആചാര ചടങ്ങുകൾക്ക് ജൂതപുരോഹിതൻ ജോനാദൻ ഗോൾഡ് സ്മിത്ത് കാർമ്മികത്വം വഹിച്ചു. പത്തിലധികം യഹൂദർ പങ്കെടുത്താണ് പ്രാർത്ഥനാ കർമ്മങ്ങൾ നടത്തിയത്.