കൊച്ചി : സുപ്രീംകോടതി വിധി നടപ്പാക്കാൻ 1934 ലെ അസൽ ഭരണഘടന ഹാജരാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കാത്തത് കള്ളത്തരം പുറത്തുവരുമെന്ന ഭീതി മൂലമാണെന്ന് യാക്കോബായ സഭാ നേതൃത്വം ആരോപിച്ചു. അസൽ ഭരണഘടന പുറത്തുവന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിധി തിരുത്താനുള്ള സാദ്ധ്യത വിനിയോഗിക്കുമെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീംകോടതി അംഗീകരിച്ച ഭരണഘടനയുടെ കൈപ്പുസ്തകം 1934 മുതൽ 2018 വരെ ആറുതവണ അച്ചടിച്ചതിൽ വൈരുദ്ധ്യമുണ്ട്. നിയമാനുസൃതം നോട്ടീസ് നൽകി മലങ്കര അസോസിയേഷൻ വിളിച്ചുകൂട്ടി ഭേദഗതികൾ വരുത്തുന്നതിന് പകരം നിയമവിരുദ്ധമായും ഏകപക്ഷീയമായും തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. സഭയുടെ പേര്, തലവൻ, പൗരോഹിത്യത്തിന്റെ പിന്തുടർച്ച, ആത്മീയ പരമാദ്ധ്യക്ഷന്റെ പരമാധികാരങ്ങൾ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റം വരുത്തി.

അസൽ ഭരണഘടനയുടെ കൈയെഴുത്തുപ്രതി ഒരുമാസം മുമ്പ് തങ്ങൾക്ക് ലഭിച്ചതായി മെത്രാപ്പൊലീത്ത പറഞ്ഞു. ഇത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഭരണഘടന കൈയെഴുത്ത് പകർപ്പ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യം ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കാത്തത് കള്ളം പൊളിയുമെന്ന് ഭയന്നാണ്. തിരിച്ചടി ഭയന്നാണ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

1934ലെ ഭരണഘടന അംഗീകരിച്ച് കാതോലിക്കബാവ ബസേലിയോസ് തോമസ് പ്രഥമൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചെന്ന് ഓർത്തഡോക്സ് വിഭാഗം പറയുന്നത് വസ്തുതാവിരുദ്ധമാണ്. അന്തോഖ്യാ സിംഹാസനത്തെ അംഗീകരിക്കുന്ന ഭരണഘടനയെ സ്വീകരിക്കുമെന്ന് മാത്രമാണ് കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.