pappadam
പപ്പടം

ഇടപ്പള്ളി: ഓണചന്തമണിഞ്ഞ വിപണികളിൽ പപ്പടം പലരൂപത്തിൽ രാജാവായി വാഴുകയാണ്. ആനച്ചുവടൻ മുതൽ കുട്ടിപപ്പടം വരെ പല പേരുകളിൽ പപ്പടത്തിന്റെ കാലം.

പത്തു മുതൽ നൂറുവരെ എണ്ണമുള്ള പാക്കറ്റുകൾ നിറഞ്ഞ പപ്പട ശേഖരത്തിനു പല കടകളിലും പ്രത്യേക വിഭാഗം തന്നെയുണ്ട്.
കൂടുതൽ ചെലവാകുന്ന ഇടത്തരം പപ്പടത്തിന് ഒരെണ്ണത്തിന്

1.50രൂപ മുതൽ 2 രൂപ വരെയാണ് വില. വലിപ്പം കൂടിയതിന് 4 രൂപയോളവും.

ഓണമടുത്തതോടെ പപ്പട നിർമ്മാണകേന്ദ്രങ്ങളെല്ലാം രാപ്പകൽ പ്രവർത്തിക്കുന്നു. എത്ര ഉണ്ടാക്കിയാലും അവസാന നാളുകളിൽ പപ്പടം തികയറില്ലെന്നാണ് യാഥാർത്ഥ്യം.

പരമ്പരാഗത പപ്പടനിർമ്മാണ കുടുംബങ്ങളെ യന്ത്രവത്കരണം കീഴടക്കിക്കഴിഞ്ഞു. തമിഴ്നാടൻ പപ്പടവും വൻ തോതിൽ ഉണ്ട്.

ഉഴുന്നിന് വില കൂടിയതിനാൽ ചേരുവകളിലെ വ്യത്യാസങ്ങൾ പപ്പടത്തിന്റെ ഗുണ നിലവാരത്തെയും ബാധിച്ചിട്ടുണ്ട്.

പാരമ്പര്യ കൈത്തൊഴിലാളികളുടെ പപ്പടത്തിനാണ് ഇപ്പോഴും പ്രിയമേറെ.

പപ്പടനിർമ്മാണം മോഡേണായി

ചേരുവകൾ ഇട്ടുകൊടുത്താൽ മതി ബാക്കി യന്ത്രം
നോക്കിക്കൊള്ളും. വലിപ്പവും കനവുമെല്ലാം സെറ്റ് ചെയ്യാം. പാരമ്പര്യകൈത്തൊഴിലാളികളെയൊക്കെ പിന്നിലാക്കി നാട് വാഴുകയാണ് യന്ത്ര പപ്പടം
മാവു കുഴക്കലും ഉരുളയാക്കലും വലിപ്പത്തിനയനുസരിച്ചുള്ള പരത്തലുമൊക്കെ യന്ത്രമാണ് ചെയ്യുന്നത്. പരത്തി വരുന്ന പപ്പടം ഉണക്കാനുമുണ്ട് സംവിധാനങ്ങൾ. കുറഞ്ഞ മുതൽ മുടക്കിൽ ഉൽപ്പാദിപ്പിച്ചു വിതരണം നടത്താൻ കഴിയുമെന്നതിനാൽ പുതിയ സംരംഭകരും പാരമ്പരാഗതക്കാരും യന്ത്രത്തിലേക്ക് മാറിക്കഴിഞ്ഞു.
ആറു മുതൽ പത്തു ലക്ഷം രൂപ വരെയാണ് യന്ത്രങ്ങൾക്ക് വേണ്ടത്.

കൂട്ടിലാണ് മേന്മ

പപ്പടത്തിന്റെ രുചി മേന്മ നിർമ്മാണത്തിലെ കൂട്ടിലാണ് .
ഉഴുന്ന് മാവ്,പപ്പടകാരം, ഉപ്പ് എന്നിവതാണ് പപ്പടമായി മാറുന്നത്.