മൂവാറ്റുപുഴ: നഗരത്തിലെ നാല് വാർഡുകൾ സ്ഥിതി ചെയ്യുന്ന കിഴക്കേക്കര മേഖലയിലെ കുടിവെള്ള പ്രശ്നനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി പി എം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാട്ടർ അതോറിറ്റിഎക്സിക്യൂ ട്ടിവ് എൻജിനീയറെ തടഞ്ഞുവച്ചു.11,12,13,15, വാർഡുകളിൽ നിരന്തരമായി കുടിവെള്ളം മുടങ്ങുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴ വാട്ടർഅതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയറെ തടഞ്ഞത്. സിപിഎം ലോക്കൽ സെക്രട്ടറി സജി ജോർജ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ബി അജിത്ത്കുമാർ,സി .എം .സീതി, ബ്രാഞ്ച് സെക്രട്ടറി ജാഫർ സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എൻജിനിയറെ തടഞ്ഞത്. പ്രദേശത്ത് കുടിവെള്ളം എത്തിയിട്ട് അഞ്ചു ദിവസം പിന്നിട്ടു. ഞായറാഴ്ച യോടെ കുടിവെള്ള വിതരണം സുഗമമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. കുന്നപിള്ളി മല അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താതായതോടെ ജനങ്ങൾ ദുരിതത്തിലായി . മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും വാട്ടർ അതോറിറ്റിയുടെ ശുദ്ധജലത്തെയാണ് ആശ്രയിക്കുന്നത്. മൂന്നുദിവസത്തിനകം പൈപ്പ് ലൈനിലെ തകരാർ പൂർണ്ണമായി പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കുമെന്ന് അധികൃതർഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്.