കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ്‌ - തൈക്കൂടം സർവീസ് ഉദ്ഘാടനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് നാളെ (ബുധൻ) മുതൽ 18 വരെ 14 ദിവസം യാത്രാ നിരക്കിൽ കെ.എം.ആർ.എൽ ഇളവുകൾ പ്രഖ്യാപിച്ചു. അമ്പത് ശതമാനമാണ് നിരക്കിളവ്. ക്യൂ.ആർ കോഡ് ടിക്കറ്റ്, കൊച്ചി വൺ കാർഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കെല്ലാം 18 വരെ ഇളവ് ലഭ്യമാകും. നിലവിൽ ട്രിപ്പ് പാസുള്ള യാത്രക്കാർക്ക് അമ്പത് ശതമാനം നിരക്ക് കാഷ്ബാക്കായി ലഭിക്കും. 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാർക്കിംഗും സൗജന്യമാക്കിയിട്ടുണ്ട്.

മഹാരാജാസ്‌ - തൈക്കൂടം പാതയിൽ ആദ്യദിനം നഴ്‌സുമാർക്ക് സൗജന്യയാത്രയും കെ.എം.ആർ.എൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുതിയ പാതയിൽ നഴ്‌സുമാർക്കൊപ്പം പ്രത്യേകയാത്ര നടത്തും. ഈ ദിവസം കൊച്ചി വൺ കാർഡ് വാങ്ങുന്ന നഴ്‌സുമാർക്ക് കാഷ് ബാക്ക് ഓഫറുമുണ്ട്.