തൃക്കാക്കര: കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ ആനുകൂല്യത്തിൽ ലഭിച്ച കുടികിടപ്പവകാശം മാറ്റി നിർത്തിയാൽ സംസ്ഥാനത്തെ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതം ഇനിയും പുരോഗമിക്കേണ്ടതുണ്ടെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം, വികസനം എന്നിവ ലക്ഷ്യമാക്കി തൃക്കാക്കര നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച അംബേദ്കർ - അയ്യൻകാളി മുനിസിപ്പൽ ടവറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു .മറ്റ് സംസ്ഥാനങ്ങളെ അപേഷിച്ച് കേരളത്തിലെ പട്ടികജാതി- പട്ടികവർഗ വിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാണ്.
നഗര സഭ എസ്.സി ഫണ്ടിൽ നിന്നും തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി സംസ്ഥാനത്തെ മറ്റ് നഗരസഭകൾക്ക് മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.വികസന പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും സഹകരിക്കുന്നതിൽ മന്ത്രി നന്ദി അറിയിച്ചു.ചടങ്ങിൽ പി.ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ അസി.എക്സിക്യൂട്ടീവ് എൻജിനീയർ എസ്.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ ഷീല ചാരു, വൈസ് ചെയർമാൻ കെ ടി എൽദോ, സെക്രട്ടറി പി.എസ്.ഷിബു, അംഗങ്ങളായ മേരി കുര്യൻ, എം.എം.നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.