യു.ഡി.എഫിൽ തമ്മിലടി മൂർച്ഛിക്കുന്നു
കൊച്ചി: മേയർ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിന് പത്തു ദിവസം മാത്രം ബാക്കി നിൽക്കെ യു.ഡി .എഫിൽ തമ്മിലടി മൂർച്ഛിക്കുന്നു. കോൺഗ്രസ് നേതൃത്വം പ്രശ്നത്തെ ലാഘവത്തോടെ കാണുന്നതിൽ പ്രതിഷേധിച്ച് 12 ന് ഉച്ചക്ക് 2.30 ന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ഭരണപക്ഷത്തെ ഒരു വിഭാഗം കൗൺസിലർമാർ നീക്കങ്ങൾ ആരംഭിച്ചു. ഘടകകക്ഷികളായ മുസ്ളീംലീഗിലെ കൗൺസിലർ ടി.കെ.അഷ്‌റഫും കേരള കോൺഗ്രസ് എമ്മിലെ ജോൺസണും വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് സൂചനയുണ്ട്. കോൺഗ്രസിലെ കാര്യം ഇതിലും കഷ്ടമാണ്. ഘടകകക്ഷികളുമായി ഇതുസംബന്ധിച്ച് യാതൊരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്ന ഭരണം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ നേതൃത്വം ഗൗരവമായി ഇടപെടുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കേരള കൗമുദിയോടു പറഞ്ഞു.
അനുഭവത്തിൽ നിന്ന് പഠിക്കാതെ..
എം.പ്രേമചന്ദ്രന്റെ മരണത്തെ തുടർന്ന് ധനകാര്യ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ
രണ്ടു കോൺഗ്രസ് കൗൺസിലർമാർ വോട്ട് അസാധുവാക്കിയതിനാൽ എൽ.ഡി.എഫ്
അപ്രതീക്ഷിത വിജയം നേടിയിട്ടും നേതൃത്വം പാഠം പഠിച്ചില്ലെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. വോട്ടെടുപ്പു ദിവസം രാവിലെയാണ് കൗൺസിലർമാരുടെ യോഗം വിളിക്കാൻ നേതാക്കൾ സമയം കണ്ടെത്തിയത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ ഒരു നടപടിയുമുണ്ടാകാത്തതിലും കൗൺസിലർമാർക്ക് അസംതൃപ്തിയുണ്ട്.
ഭരണസമിതിയെ പരാജയപ്പെടുത്തും
നിലവിലുള്ള ഭരണസമിതി പരാജയമായതിനാൽ മേയർ സ്ഥാനത്ത് മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന എ,ഐ വിഭാഗങ്ങളിലുള്ള ചില കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും ആലോചിക്കുന്നുണ്ട്. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ സ്വഭാവികമായി സൗമിനി ജെയിൻ രാജി വയ്ക്കണം. 12 ദിവസത്തിനുള്ളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി അധികാരത്തിലെത്തും.
പാർലമെന്ററി പാർട്ടി യോഗം നാളെ
അവിശ്വാസ പ്രമേയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി നാളെ ഉച്ച കഴിഞ്ഞ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഇതിലേക്ക് കൗൺസിലർമാരെ വിളിക്കുന്നതിനുള്ള ചുമതല ഡെപ്യൂട്ടി മേയർ കൂടിയായ ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദിനെയാണ് കെ.പി.സി.സി നേതൃത്വം ഏല്പിച്ചത്. എന്നാൽ ടി.ജെ. വിനോദ് ഈ ചുമതല പാർലമെന്ററി പാർട്ടി ചീഫ് വിപ്പായ എം.ബി.മുരളീധരന് നൽകി. ഇതിൽ കൗൺസിലർമാർക്ക് മുറുമുറുപ്പുണ്ട് . കെ.പി.സി.സിയിലെ മുതിർന്ന നേതാക്കളിൽ ആരെങ്കിലും ക്ഷണിച്ചാൽ മാത്രം യോഗത്തിൽ പങ്കെടുത്താൽ മതിയെന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.