തൃക്കാക്കര: ജില്ലയിലെ ലൈഫ് മിഷൻ പ്രവർത്തനം വൻ പുരോഗതി കൈവരിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഒന്നാംഘട്ടത്തിൽ 1057 വീടുകളും രണ്ടാംഘട്ടത്തിൽ 3244 വീടുകളും പൂർത്തിയായതായി. 2049 വീടുകൾ നിർമാണഘട്ടത്തിലാണ്.രണ്ടാം ഘട്ടത്തിൽ ജില്ലയിൽ 61.28 % വീടുകൾ ഇത് വരെ പൂർത്തിയായി. ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയിൽ 5293 പേർ കരാർ വെച്ചതിൽ 3244 വീടുകളുടെ നിർമാണം പൂർത്തിയായി.ഈ വർഷം ഡിസംബർ 31 ന് മുൻപായി രണ്ടാം ഘട്ടത്തിലെ മുഴുവൻ വീടുകളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.രണ്ടാം ഘട്ടത്തിൽ 164.2 കോടി രൂപ ലൈഫ് ഗുണഭോക്താക്കൾക്കായി നൽകി. നിർമാണച്ചെലവ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് ഭവന നിർമാണ സാമഗ്രികൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കും.തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 90 ദിവസത്ത അവിദഗ്ധ കൂലി ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഭവന നിർമാണത്തിനായി കുടുംബശ്രീ മിഷൻ മുഖേന വനിത ഭവന നിർമാണ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ, ഭൂമിയില്ലാത്ത ഭവന രഹിതരുടെ രേഖ പരിശോധന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തി വരുന്നു. ജില്ലയിൽ 37739 കുടുംബങ്ങളാണ് ലൈഫ് ഭൂരഹിത ഭവന രഹിത പട്ടികയിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട രേഖകൾ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഭൂമിയില്ലാത്ത ഭവന രഹിതർക്ക് ഭവനസമുച്ചയം നിർമിക്കുന്നതിന് 26 പ്രദേശങ്ങളിലായി 51 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.