കൊച്ചി : മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അർദ്ധ വേതനാവധി ആനുകൂല്യത്തിന് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) സർക്കാരിന് 5,000 രൂപ പിഴ ചുമത്തിയത് ഹൈക്കോടതി സ്റ്റേ ചെയ്‌തു. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഡി.ജി.പിയായിരിക്കെ 2016 ജൂൺ ഒന്നുമുതൽ 2017 ജനുവരി ഒന്നുവരെ എടുത്ത അവധി അർദ്ധ വേതനാവധിയായി കണക്കാക്കി ആനുകൂല്യം നൽകാൻ ടി.പി. സെൻകുമാർ നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ ജനുവരി ഏഴിന് സി.എ.ടിയെ സമീപിച്ചു. ഇതിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആനുകൂല്യം നൽകാൻ ജനുവരി 21ന് സർക്കാർ ഉത്തരവിറക്കി. ഇക്കാര്യം വ്യക്തമാക്കി ഏപ്രിൽ 16ന് സി.എ.ടിയിൽ മറുപടി സത്യവാങ്മൂലവും നൽകി. ജൂലായ് ഒമ്പതിനാണ് സർക്കാരിന് 5,000 രൂപ പിഴ ചുമത്തി സി.എ.ടി ഉത്തരവിട്ടത്.