ആലുവ: കാരുണ്യ ചികിത്സ പദ്ധതി മുടങ്ങിയതോടെ ഹീമോഫീലിയ രോഗികളുടെ സൗജന്യ കുത്തിവയ്പിനുള്ള മരുന്നുകൾക്ക് കടുത്ത ക്ഷാമം .

ഹീമോഫീലിയ രോഗികൾക്കുള്ള മരുന്ന് നൽകുന്നത് സ്വകാര്യ കമ്പനി രണ്ടാഴ്ച്ചയിലേറെയായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ 1000 കുപ്പി മരുന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കാരുണ്യ സെന്ററിൽ എത്തിയിട്ടുണ്ടെങ്കിലും ഒന്നിനും തികയില്ല. കേരളത്തിൽ 1824 ഹീമോഫീലിയ രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 986 പേരും ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററിനെയാണ് ആശ്രയിക്കുന്നത്.

ഒരു രോഗിക്ക് ദിവസേന നാല് കുപ്പി മരുന്ന് വേണ്ട സ്ഥാനത്താണ് കേവലം 1000 കുപ്പി മാത്രം സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുള്ളത്.

ആലുവ ജില്ലാ ആശുപത്രിയിലെ രോഗികൾ എറണാകുളത്തെ കാരുണ്യ ഫാർമസിയിൽ നിന്നാണ് മരുന്ന് വാങ്ങുന്നത്. പുറമെ ജില്ലയിൽ അങ്കമാലിയിലും പെരുമ്പാവൂരിലും മാത്രമാണ് കാരുണ്യ ഫാർമസിയുള്ളത്. സംസ്ഥാനത്തെ ഹീമോഫീലിയ രോഗികളിൽ പകുതിയിലേറെ പേരും ആലുവ ജില്ലാ ആശുപത്രികളിൽ ചികിത്സ തേടുന്നവരായിട്ടും കാരുണ്യ ഫാർമസി തുറക്കാതെ ആരോഗ്യവകുപ്പ് ഉഴപ്പുന്നു.

സൗജന്യ കുത്തിവയ്പിനുള്ള മരുന്നുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്നും മുടങ്ങികിടക്കുന്ന ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും കത്തെഴുതി .

ആരോഗ്യമന്ത്രി അവാർഡുകൾ സ്വീകരിക്കുന്നതല്ലാതെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നില്ല

അൻവർ സാദത്ത്എം.എൽ.എ

മരുന്ന് കമ്പനിക്ക് സർക്കാർ നൽകാനുള്ളത്

32

കോടി

കഴിഞ്ഞ ദിവസംനൽകിയത് 3 കോടി