കൊച്ചി: അവശ്യസാധനങ്ങളുടെ വില വർദ്ധനവ് തടയാൻ ക്രിയാത്മക ഇടപെടലാണ് സപ്ലൈകോ നടത്തുന്നതെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനത്ത് സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഓണം ഫെയർ സെപ്തംബർ 9 ന് സമാപിക്കും. ഉയർന്ന ഗുണനിലവാരത്തിൽ മിതമായ നിരക്കിൽ പച്ചക്കറി, പലവ്യജ്ഞനങ്ങൾക്ക് പുറമെ ഗൃഹോപകരണങ്ങളും മേളയിൽ ലഭ്യമാണ്. സപ്ലൈകോ ഉൽപന്നങ്ങൾ കൂടാതെ ഫിഷറീസ് വകുപ്പ്, തീരമൈത്രി, കയർഫെഡ് എന്നിവയുടെ സ്റ്റാളുകളും മേളയിലുണ്ട്. സപ്ലൈകോ ഉൽപന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ആദ്യ വിൽപന കൗൺസിലർ ഗ്രേസി ബാബു ജേക്കബ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.എൻ സതീഷ്, ജനറൽ മാനേജർ ആർ. റാം മോഹൻ, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.