# ദിവ്യജ്യോതി പര്യടനം അഞ്ചുമുതൽ എട്ടുവരെ
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 165 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവത്തിന്റെ ഭാഗമായുള്ള ദിവ്യജ്യോതി റിലേ നാളെ ആലുവ നഗരത്തിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് അദ്വൈതാശ്രമത്തിൽ ജ്യോതി റിലേ സമ്മേളനം ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ പഠനകേന്ദ്രം ഡയറക്ടർ പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിന് ശേഷം സ്വാമി ശിവസ്വരൂപാനന്ദയിൽ നിന്ന് യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് ജ്യോതി ഏറ്റുവാങ്ങും. 165 അത്‌ലറ്റുകൾ ദീപശിഖയുമായി നഗരം ചുറ്റും. തുടർന്ന് ബാങ്ക് കവലയിൽ നിന്ന് വനിതാസംഘത്തിന്റെയും കുമാരിസംഘത്തിന്റെയും നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ ദിവ്യജ്യോതി തിരികെ അദ്വൈതാശ്രമത്തിലേക്ക് ആനയിക്കും.
അഞ്ചുമുതൽ എട്ടാം തീയതിവരെ യൂണിയൻ അതിർത്തിയിലെ 61 ശാഖകളിൽ ദിവ്യജ്യോതി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ (വൈസ് ക്യാപ്ടമാർ) എന്നിവരുടെ നേതൃത്യത്തിൽ പര്യടനം നടത്തും. ആദ്യദിവസം വൈകിട്ട് എളവൂരിലും രണ്ടാം ദിവസം എടനാടും മൂന്നാം ദിവസം നെടുവന്നൂരിലും നാലാം ദിവസം മുപ്പത്തടത്തും ദിവ്യജ്യോതി പര്യടനം സമാപിക്കും. 13ന് വൈകിട്ട് മൂന്നിന് നഗരത്തെ പീതസാഗരമാക്കി ജയന്തി മഹാഘോഷയാത്ര നടക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും.