police-and-high-court

കൊച്ചി : ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ പ്രൊഫഷണൽ കോളേജുകൾക്കുള്ള സമുദായ സംവരണം ഏതെങ്കിലും ഉപവിഭാഗങ്ങൾക്ക് മാത്രമായി അനുവദിക്കാനാവില്ലെന്ന വിധി ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ന്യൂനപക്ഷ സമുദായങ്ങളെന്ന് വിലയിരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള വിഭാഗങ്ങൾക്ക് നൽകുന്ന സംവരണം ഏതെങ്കിലും ഉപവിഭാഗങ്ങൾക്ക് മാത്രമായി നൽകാനാവില്ലെന്ന് നേരത്തെ സ്വാശ്രയ കോളേജുകളുടെ കാര്യത്തിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ (ബി.എ.എം) കോളേജിലെ സംവരണ സീറ്റ് പൂർണ്ണമായും സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യയെന്ന വിഭാഗത്തിനും ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ സംവരണ സീറ്റ് പൂർണമായും ലത്തീൻ കത്തോലിക്ക വിഭാഗത്തിനും നൽകണമെന്ന ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ചിന്റെ വിധി.ബി.എ.എം കോളേജിലെ പത്ത് ശതമാനം സംവരണ സീറ്റ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യയ്ക്ക് നൽകുന്നതു സംബന്ധിച്ച് സർക്കാരുമായി കരാറുണ്ട്. ഇത് നിലനിൽക്കെ 2019 ലെ സംവരണ സീറ്റുകളിൽ ക്രിസ്തുമതത്തിലെ എല്ലാ വിഭാഗക്കാർക്കും അർഹതയുണ്ടെന്ന് പ്രിൻസിപ്പൽ നോട്ടീസ് നൽകിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

സമുദായ സംവരണ സീറ്റുകളിലേക്ക് പ്രവേശനം നടത്താൻ കേരള സർവകലാശാല നേരിട്ട് ഒാൺലൈൻ അപേക്ഷ ക്ഷണിച്ചതാണ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മാനേജ്മെന്റ് ചോദ്യം ചെയ്തത്. ഈ കോളേജിലെ സംവരണ സീറ്റുകളിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രവേശനത്തെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണ് ഒാൺലൈൻ അപേക്ഷ ക്ഷണിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചതെന്ന് സർവകലാശാല അറിയിച്ചു. ഇൗ വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി,ഹർജികൾ തള്ളിയത്.