പറവൂർ : വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട്, മാല്യങ്കര പ്രദേശങ്ങളിൽ ശുദ്ധജലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ജല അതോറിറ്റി സെക്ഷൻ ഓഫീസിൽ സമരം നടത്തി. ശുദ്ധജലം കിട്ടാതായി ഒരാഴ്ച പിന്നിട്ടിട്ടും അധികാരികൾ നടപടിയെടുക്കാത്തതിനെതിരെയാണ് പ്രതിഷേധമുയർന്നത്.
ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ പൈപ്പ് വെള്ളത്തെ മാത്രമാണു ഗ്രാമവാസികൾ ആശ്രയിക്കുന്നത്. ചെട്ടിക്കാട്, മാല്യങ്കര പ്രദേശങ്ങളിലേക്കു പറവൂരിൽ നിന്നു 12 കിലോമീറ്ററോളം ദൂരമുണ്ട്. അതിനാൽ പമ്പ് ചെയ്യുമ്പോൾ മർദം കുറഞ്ഞാൽ വെള്ളമെത്തില്ല. ഇടയ്ക്കിടെ ശുദ്ധജലം കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. വെള്ളമില്ലാത്തതിനാൽ മഴവെള്ളം സംഭരിച്ചാണ് പലരും ഉപയോഗിക്കുന്നത്. ചിലർ മറ്റു സ്ഥലങ്ങളിൽ പോയി ഡ്രമ്മുകളിലും കുടങ്ങളിലും വെള്ളം ശേഖരിച്ചു കൊണ്ടുവരികയാണ്. പ്രശ്നത്തിനു ശാശ്വതപരിഹാരം കാണണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒട്ടേറെ സമരങ്ങൾ ഗ്രാമവാസികൾ നടത്തിയെങ്കിലും പരിഹാരം അകലെയാണ്.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ സമരം നടന്നു. തുടർന്ന് അസി.എൻജിനിയറുമായി ചർച്ച നടത്തി. പമ്പിംഗ് കാര്യക്ഷമമാക്കും, ശുദ്ധജലം മുടങ്ങാതെ ലഭ്യമാക്കും, ചെട്ടിക്കാട് – കുഞ്ഞിത്തൈ തോട്ടിലെ കാലഹരണപ്പെട്ട പൈപ്പ് ഉടൻ മാറ്റിസ്ഥാപിക്കും, മാല്യങ്കര ഫീഡറുമായി ബന്ധപ്പിക്കുന്ന പൈപ്പിന്റെ വലുപ്പം കൂട്ടി കൂടുതൽ വെള്ളം എത്തിക്കും എന്നീ ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ജിഷ, അംഗങ്ങളായ ഷീബ അജൻ, ലൈസ അനിൽ, സി.ബി. ബിജി, കെ.വി. പ്രകാശൻ, പി.ടി. കൃഷ്ണകുമാർ എന്നിവർ സമരത്തിൽ പങ്കെടുത്തു.