കൂത്താട്ടുകുളം: ഖരമാലിന്യ പ്ലാൻറിന് സ്ഥലം വാങ്ങുന്നത് സംബന്ധിച്ച തർക്കം കൂത്താട്ടുകുളം നഗരസഭ കൗൺസിലിൽ കൈയാങ്കളിയിലെത്തി. ഭരണകക്ഷിയായ എൽ.ഡി.എഫിലെ സി പി എം കൗൺസിലർമാർ മുൻ ചെയർമാൻ പി.സി.ജോസിനെ കൈയേറ്റം ചെയ് തതായി​ പരാതി​യുണ്ടായി​.

മാലിന്യ സംസ്കരണത്തിനായി വാങ്ങാൻ ഉദ്ദേശിക്കുന്ന വാളായിക്കുന്നിലെ സ്ഥലം ജൈവമാലിന്യ ബയോഗ്യാസ് പദ്ധതിക്ക് ഉപയുക്തമല്ലെന്ന് പി.സി.ജോസ് പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കിഴക്കാം തൂക്കായ ഈ സ്ഥലത്ത് കുടിവെള്ള ടാങ്കും ഒരു ഹൈസ്കൂളും പൊതുശ്മശാനവും ഉണ്ട് അടിസ്ഥാന വില നോക്കാതെ നടത്തുന്ന ഇടപാടിന് പിന്നിൽ സാമ്പത്തിക താത്പര്യങ്ങൾ ഉണ്ടെന്ന് ജോസ് പറഞ്ഞു.

എന്നാൽ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇതിനോടു യോജിച്ചില്ല. സ്ഥലം ഉൾപ്പെടുന്ന വാർഡിലെ കൗൺസിലർ യോഗത്തിൽ ഇല്ലായിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോൾ ചെയർമാന്റെ കാസ്റ്റിംഗ് വോട്ടോടെപാസായതായി ചെയർമാൻ പ്രഖ്യാപിച്ചു . പുറത്തു പോയിരുന്ന എൽ.ഡി.എഫ്. കൗൺസിലർ തിരിച്ചെത്തിയപ്പോൾ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസായതായി ചെയർമാൻ വീണ്ടും പ്രഖ്യാപിച്ചതോടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പി.സി.ജോസ് പറഞ്ഞത് ഭരണകക്ഷിയംഗങ്ങളെ ചൊടിപ്പിച്ചു. തൊഴിയേറ്റ് മുൻ ചെയർമാൻ പി.സി.ജോസ് നിലത്തു വീണതോടെ യു.ഡി.എഫ് കൗൺസിലർമാർരംഗത്തി​റങ്ങി​. തുടർന്ന് പ്രതിപക്ഷ കൗൺസില മാർ യോഗത്തിൽ പ്രതിഷേധ ധർണ നടത്തി. പി.സി.ജോസ്, പ്രിൻസ് പോൾ ജോൺ , ബിജു ജോൺ ,തോമസ് ജോൺ ,ഓമന മണിയൻ ,ഓമന ബേബി ,ജിസമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ ആക്രമിച്ചു നിശബദരാക്കാൻ നോക്കേണ്ടന്ന് മുൻ ചെയർമാൻ പി.സി.ജോസ് പറഞ്ഞു. യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി പോരാടും.അക്രമം സി.പി.എം ന്റെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വിൽസൺ കെ.ജോൺ പറഞ്ഞു.