കൊച്ചി : പ്രളയദുരിതത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി തന്റെ കടയിലെ വസ്ത്രങ്ങൾ വാരിക്കോരി ദാനം ചെയ്ത എറണാകുളം ബ്രോഡ്‌വേയിലെ ചെറുകിട വസ്ത്ര വ്യാപരി നൗഷാദ് കട പൂട്ടുന്നുവെന്ന് ഫേസ്ബുക്കിൽ വ്യാജ പ്രചരണം. വസ്ത്രങ്ങൾ നൽകിയതിനെത്തുടർന്ന് തനിക്ക് ലഭിച്ച പ്രശസ്തിമൂലം ആളുകൾ തന്റെ കടയിലേക്ക് മാത്രം വരികയാണെന്നും അടുത്തകടകളിൽ ഇതിനാൽ കച്ചവടം കുറഞ്ഞെന്നും വിലയിരുത്തി നൗഷാദ് കടപൂട്ടുന്നുവെന്നാണ് ഫേസ്ബുക്കിലെ പ്രചരണം. വീണ്ടും ഫുട്പാത്ത് കച്ചവടത്തിലേക്ക് പോകാനാണ് തനിക്ക് താത്പര്യമെന്ന് നൗഷാദ് പറഞ്ഞെന്നും പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ ഇതു കളവാണെന്ന് കടയുടെ താത്കാലിക മേൽനോട്ട ചുമതലയുള്ള നസീബ് പറയുന്നു.
"ഒരു പ്രവാസിയുടെ ക്ഷണം സ്വീകരിച്ച് നൗഷാദ് ഇന്നലെ ദുബായിലേക്ക് പോയതിനാൽ കടയുടെ താത്കാലിക ചുമതല നസീബിനാണ്. സോഷ്യൽ മീഡിയയിലെ പോസ്റ്റ് കണ്ട് പലരും വിളിച്ചിരുന്നു. ആകെ 100 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കടമുറിയാണിത്. ഇത്തരം പ്രചരണം സങ്കടമുണ്ടാക്കുന്നതാണ്" - നസീബ് മാദ്ധ്യമങ്ങളോടു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് കട നവീകരിച്ച് നൗഷാദ് ഇക്കയുടെ കട എന്ന പേരിൽ തുടങ്ങിയത്. ഇതിനിടെയാണ് പൂട്ടാൻ പോകുന്നുവെന്ന തരത്തിൽ ഫേസ് ബുക്കിൽ വ്യാജ പ്രചരണം തുടങ്ങിയത്.