# നാളെ മുതൽ ആലുവ - തൈക്കൂടം സർവീസ്

കൊച്ചി: കാത്തിരിപ്പിനൊടുവിൽ കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഷൻ മുതൽ തൈക്കൂടം വരെയുള്ള പുതിയ പാത തുറക്കുന്നു. ഇന്ന് രാവിലെ 10.30ന് മഹാരാജാസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ തൈക്കൂടം വരെയുള്ള പാതയിലെ മെട്രോ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11.30ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷനാവും. മന്ത്രി എ.കെ. ശശീന്ദ്രൻ, ഹൈബി ഈഡൻ എം.പി, മേയർ സൗമിനി ജെയിൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് മുഖ്യാതിഥികളെയും വഹിച്ചുള്ള ട്രെയിൻ തൈക്കൂടത്തേക്ക് ആദ്യ സർവീസ് നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ ശൈലജക്കൊപ്പം നഴ്‌സുമാരും തുടർന്ന് വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സർവീസിന്റെ ഭാഗമാകും.

മഹാരാജാസ്‌ - തൈക്കൂടംപാത ഉദ്ഘാടനത്തോടൊപ്പം പേട്ട - എസ്.എൻ ജംഗ്ഷൻ മെട്രോ പാതയുടെയും കൊച്ചി വാട്ടർ മെട്രൊയുടെ ആദ്യ ടെർമിനലിന്റെയും നിർമാണോദ്ഘാടനവും നടക്കും. യാത്രക്കാരെയും വഹിച്ചുള്ള സർവീസ് നാളെ രാവിലെ മുതൽ തുടങ്ങും.

5.65 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പുതിയ പാത. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രോ സ്‌റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ഇതോടെ ആലുവ മുതൽ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. രാവിലെ ആറിന് ആലുവയിൽ നിന്ന് മഹാരാജാസിൽ നിന്നുമാണ് നിലവിൽ സർവീസ് തുടങ്ങുന്നത്. പുതിയപാത കമ്മീഷൻ ചെയ്യുന്നതോടെ ആലുവയിൽ നിന്നും തൈക്കൂടത്ത് നിന്നുമാകും രാവിലെ സർവീസുകൾ തുടങ്ങുക.

# പുതിയ അഞ്ചു സ്റ്റേഷനുകളുടെ
നടത്തിപ്പും കുടുംബശ്രീക്ക്
ഇന്ന് തുറക്കുന്ന മഹാരാജാസ്‌ - തൈക്കൂടം മെട്രോ പാതയിലെ സർവീസുകൾക്കും കുടുംബശ്രീ പ്രവർത്തകർ ചുക്കാൻ പിടിക്കും. നിലവിൽ ആലുവ മുതൽ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകളിൽ ടിക്കറ്റിംഗ് അടക്കമുള്ള ജോലികൾ കുടുംബശ്രീയാണ് ഏറ്റെടുത്ത് നടത്തുന്നത്. ഈ കരാറാണ് പുതിയ റൂട്ടിലും ദീർഘിപ്പിച്ചു നൽകിയത്. കെ.എം.ആർ.എൽ ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ എന്നിവർ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു. സ്റ്റേഷനുകളുടെ എണ്ണം കൂടുമെങ്കിലും നിലവിലെ ജീവനക്കാരുടെ എണ്ണത്തിൽ മാറ്റമുണ്ടാവില്ല. ആകെ 615 കുടുംബശ്രീ പ്രവർത്തകരാണ് നിലവിൽ മെട്രോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.
സുരക്ഷാ ചുമതലകളുമായി ബന്ധപ്പെട്ട് 47 ജീവനക്കാരെ കെ.എം.ആർ.എൽ അധികമായി നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ തസ്തികയിൽ 33 പേരെയും അധികമായി നിയമിച്ചു.