വൈറ്റില:വിജയാരവങ്ങളോടെ മെട്രോ കുതിച്ച് തൈക്കൂടത്തെത്തുമ്പോൾ കിടപ്പാടം നഷ്ടപ്പെട്ട ദുഖം കടിച്ചമർത്തി നില്ക്കുകയാണ് നാല് സെന്റ് ഭൂമിയിൽ നിന്നും 2015ൽ കുടിയൊഴിപ്പിക്കപ്പെട്ട 3 സഹോദരിമാർ. തൈക്കൂടം കുന്നറ പാർക്കിന് സമീപത്ത് 60വർഷമായി പുറമ്പോക്കിൽ താമസിച്ചു പോന്ന 3 സഹോദരിമാരായ സുലേഖ, കുമാരി,സരള എന്നിവരുടെ കുടുംബങ്ങളാണ് പെരുവഴിയിലായത്. മൂവരുടേയും കുടുംബാംഗങ്ങളിലുള്ള 13 പേരാണ് ഈ നാലു സെന്റിലെ നാലു മുറി വീട്ടിൽ താമസിച്ചിരുന്നത്.മെട്രോ റയിലിന്റേയും,അനുബന്ധ റോഡ് വികസനത്തിന്റേയും ഭാഗമായാണ് ഇവരെ ഇവിടെ നിന്നും കുടിയൊഴിപ്പിച്ചത്.
വാടകകൊടുക്കാനില്ലാതതിനാൽ വീഴാറായ പഴയ വീട്ടിൽ തന്നെയാണ് ഇവരുടെ അഭയം. കൂലിപ്പണിയെടുത്തും,കാന്റീനുകളിൽ ജോലിചെയ്തും കിട്ടുന്ന തുഛമായ വേതനം കൊണ്ട് ജീവിക്കുകയാണിവർ.ഇതിന്റെ കൂടെ രോഗങ്ങൾക്കുളള ചികിത്സാചിലവും താങ്ങാനാവുന്നില്ല,പി.ടി.തോമസ് എം.എൽ.എ.ഞങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെങ്കിലും അധികൃതർ ഇനിയും ഞങ്ങൾക്ക് പകരംവീട് നിർമ്മിച്ചുതരുന്നതിന് നടപടിയെടുക്കാത്തതിലുളള ദുഖം കടിച്ചമർത്തിയാണ് ഇന്നലെ കൊച്ചി മെട്രോ തൈക്കുടത്ത് ചൂളംവിളിച്ചെത്തിയത്.
അധികൃതർ വാക്ക് പാലിച്ചില്ല
6ലക്ഷം രൂപായും 2സെന്റിൽ ഒരുവീടും വച്ച് നൽകാമെന്ന് അന്നത്തെ കളക്ടർ രാജമാണിക്യം ഉദ്യോഗസ്ഥരോടൊപ്പം വീട്ടിൽ വന്ന് വാക്കു തന്നിരുന്നെന്ന് സുലേഖ പറഞ്ഞു.മാറിതാമസിക്കുന്നതിന് വാടകയായി ഒരോ സഹോദരിമാർക്കും 55000 രൂപ വീതം നൽകിയരുന്നു.എന്നാൽ മൂന്നര കൊല്ലമായിട്ടും പകരം കേറികിടക്കാൻ വീടോ സ്ഥലമോ ലഭിക്കാത്ത് ഈ കുടുംബത്തെ പട്ടിണിയുടേയും ആരോഗ്യതകർച്ചയുടേയും ദുരിതങ്ങളിൽ എത്തിച്ചിരിക്കുകയാണ്.