കൊച്ചി : ദുരന്തങ്ങളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും റീബിൽഡ് കേരളയുടെ പേരിൽ സെമിനാറുകളും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ചർച്ചയുമല്ലാതെ നടപടികളൊന്നും ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപകൽ സമരത്തിന്റെ ഭാഗമായി എറണാകുളത്ത് നടക്കുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1917.9 കോടി രൂപയാണ് ചെലവിട്ടത്. 2414.68 കോടി രൂപ ചെലവഴിക്കാതെ കൈവശം വച്ചിരിക്കുന്നു. ഇതും ഫണ്ട് ദുരുപയോഗമാണ്. മുഖ്യമന്ത്രിയുടെ ഒാഫീസ് നവീകരണത്തിന് 40 ലക്ഷം രൂപയും മന്ത്രി എ.സി. മൊയ്തീന്റെ ഒാഫീസ് ക്രമീകരിക്കാൻ 50 ലക്ഷം രൂപയും അനുവദിച്ച് സർക്കാർ ധൂർത്ത് നടത്തുന്നു. സഹകരണ ബാങ്കുകളിൽ ജനാധിപത്യമില്ലാതായി. സി.പി.എം സ്ഥാപനങ്ങളുടെ കടങ്ങൾ ഒറ്റത്തീർപ്പാക്കലിലൂടെ ഇല്ലാതാക്കുന്നു. റബ്കോയ്ക്ക് 250 കോടി രൂപ നൽകി. ഇങ്ങനെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമാണ് സർക്കാർ നടപ്പാക്കുന്നത്.

സാമാന്യബുദ്ധിക്കനുസരിച്ച് പ്രവർത്തിക്കേണ്ട പൊലീസ് ഉന്നതർക്ക് വിടുപണി ചെയ്യുന്നെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രാജിവെക്കുകയാണ് വേണ്ടത്. ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവയുടെ പേരിൽ പ്രധാനമന്ത്രിക്കെതിരെ ജനവികാരം ഉയർന്നുവരുന്നു. കശ്മീരിലെ ജനങ്ങളെ തടവിലാക്കി എത്രകാലം തുടരാനാവും ? മോദിയെപ്പോലെ ഏകാധിപതിയുടെ സമീപനമാണ് പിണറായി വിജയനും തുടരുന്നത് - രമേശ് ചെന്നിത്തല ആരോപിച്ചു. എറണാകുളം മറൈൻഡ്രൈവിൽ തുടങ്ങിയ സമരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.

എം.എൽ.എ മാരായ വി.ഡി. സതീശൻ, എൽദോസ് കുന്നപ്പിള്ളി, വി.കെ. ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത്, മുൻമന്ത്രിമാരായ കെ. ബാബു, അനൂപ് ജേക്കബ്, ഡൊമിനിക് പ്രസന്റേഷൻ, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസ്, അജയ് തറയിൽ, കെ.പി. ധനപാലൻ, ജോർജ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, എൻ. വേണുഗോപാൽ, എം.എം. ഫ്രാൻസിസ്, കെ.എം. അബ്ദുൾ മജീദ്, ഷിബു തെക്കുംപുറം തുടങ്ങിയവർ പങ്കെടുത്തു. സമരം ഇന്ന് രാവിലെ പത്തിന് സമാപിക്കും.