കൊച്ചി : മൊബെെൽ ആപ്പ് വഴി മിൽമ പാലും പാലുത്പന്നങ്ങളും കൊച്ചിയിലും വീട്ടുപടിക്കലെത്തും. രണ്ടുമാസംമുമ്പ് തിരുവനന്തപുരത്ത് ആരംഭിച്ച് വിജയിച്ച സംരംഭത്തിന് ജില്ലയിൽ നാളെ (വ്യാഴം) തുടക്കമാകും.

എ.എം. നീഡ്സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ മൊബെെൽ ആപ്പ് , ഗൂഗിൾ പ്ള സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം..ഈ ആപ്പുപയോഗിച്ച് ഒരു മാസത്തേക്ക് മാത്രമായോ നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമായോ ഉത്പന്നങ്ങൾ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ഉൽപ്പന്നങ്ങൾ രാവിലെ 5 നും 8 നും ഇടയിൽ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ മിൽമ എത്തിച്ചുകൊടുക്കും. ഇതിന് പ്രത്യേക ഡെലിവറി ചാർജും നൽകേണ്ടതില്ല. ആദ്യഘട്ടത്തിൽ ജില്ലയിൽ ഇടപ്പള്ളി, കളമശേരി, കലൂർ, പാലാരിവട്ടം, വെെറ്റില, പള്ളുരുത്തി, തൃപ്പൂണിത്തുറ, കാക്കനാട്, പനമ്പിള്ളി നഗർ, തേവര തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും ഈ സൗകര്യം ലഭിക്കുക .

പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ഹോട്ടൽ അബാദ് പ്ളാസയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജു നിർവഹിക്കും. ഹെെബി ഈ‌ഡൻ എം.പി അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് , മിൽമ ചെയർമാൻ ജോൺ തെരുവത്ത്, മാനേജിംഗ് ഡയറക്ടർ ഡോ. എം. മുരളീധരദാസ് തുടങ്ങിയവർ പ്രസംഗിക്കും.