പറവൂർ: പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെ പെട്ടന്ന് പഠിക്കാനും മനസിലാക്കാനും വേണ്ടി പുതിയൊരു ആശയം രൂപപ്പെടുത്തുകയാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപകനായ പ്രമോദ് മാല്യങ്കര. രണ്ടാംവർഷ ഹയർസെക്കൻഡറി സാമ്പത്തിക ശാസ്ത്രപാഠ പുസ്തകത്തിലെ ബഡ്ജറ്റ് പാഠഭാഗമാണ് ഗാനരൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ബജറ്റ് പാഠം പാട്ട് രൂപത്തിൽ പഠിക്കാനാവുമെന്നാണ് അദ്ധ്യാപകൻ ഉറപ്പു നൽകുന്നത്. പ്രമോദിന്റെ സാമ്പത്തിക ശാസ്ത്ര വീഡിയോകൾ കേരളത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ അദ്ധ്യാപകർ ഉപയോഗിക്കുന്നുണ്ട്. പത്തിലധികം പ്രാദേശിക- ജില്ലാ - സംസ്ഥാന തലങ്ങളിൽ അദ്ധ്യാപക പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള പ്രമോദ് സ്കൂളിലെ മികച്ച സംഘാടകൻ കൂടിയാണ്. മനശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കലകൾ അദ്ധ്യാപനത്തിന് ഉപയോഗിച്ചതിനാൽ കഴിഞ്ഞ വർഷത്തെ ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ അദ്ധ്യാപക കലാശ്രീ അവാർഡ് ലഭിച്ചു.
ബഡ്ജറ്റ് ഗാനമൊരുക്കി സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകൻ
"ഗവണ്മെന്റ് ബഡ്ജറ്റും സമ്പത്ത് വ്യവസ്ഥയും " എന്ന പാഠം ഭാഗമാണ് ആദ്യഘട്ടത്തിൽ പാട്ട് രൂപത്തിലാക്കുന്നത്. നികുതി വരുമാനങ്ങൾ, നികുതിയേതര വരുമാനങ്ങൾ, പദ്ധതി ചെലവുകൾ, പദ്ധതിയേതര ചെലവുകൾ, മിച്ച ബഡ്ജറ്റ്, കമ്മി ബജറ്റ്, സന്തുലിത ബജറ്റ് തുടങ്ങിയ ഭാഗങ്ങൾ എല്ലാം ഒറ്റഗാനത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
ഓഡിയോ റെക്കോർഡിംഗ്
അദ്ധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് ഓഡിയോ റെക്കോർഡിംഗ് ആരംഭിക്കും. ഇതിനുള്ള റിഹേഴ്സൽ ആരംഭിച്ചു കഴിഞ്ഞു. പൂർവ വിദ്യാർത്ഥിയും ഗായികയുമായ ശിൽപ കെ. രാജിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണ് ഗാനം ആലപിക്കുന്നത്. ഗാനം എഴുതി സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രമോദാണ്. വീഡിയോ റെക്കോർഡിംഗ് പൂർത്തിയാക്കി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന ദിവസം വീഡിയോ സി.ഡി പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ റിസർവ് ബാങ്കിന്റെ ധർമ്മം എന്ന പാഠ ഭാഗം പാട്ട് രൂപത്തിലാക്കിയ പ്രമോദിനെ റിസർവ് ബാങ്കിന്റെ ഉദ്യോഗസ്ഥർ സകൂളിലെത്തി ആദരിച്ചിരുന്നു.