rottary
എറണാകുളം ജനറൽ ആശുപത്രിയിൽ റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ സ്‌ഥാപിച്ച സി.ടി. സിമുലേറ്ററിന്റെ ഉദ്‌ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവഹിക്കുന്നു. ഡോ. എ. അനിത, ഗുലാം വാഹവതി, നവാസ് മീരാൻ, കോരിന്ന യാവോ, ഗാരി ഹുയാങ്, മാധവ് ചന്ദ്രൻ , ഡോ. ജുനൈദ് റഹ്മാൻ തുടങ്ങിയവർ സമീപം

# റോട്ടറി സഹായത്തോടെ ജനറൽ ആശുപത്രിയിൽ സി.ടി സിമുലേറ്റർ

കൊച്ചി: ആരോഗ്യമേഖല ശരിയായ ദിശയിലാണെന്നും ആധുനികവും അടിസ്ഥാനപരവുമായ മാറ്റമാണ് ഈ മേഖലയിൽ സർക്കാർ ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച സി.ടി സിമുലേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2.5 കോടി ചിലവിൽ സ്ഥാപിച്ച സി.ടി സിമുലേറ്റർ വഴി ആധുനിക രീതിയിലുള്ള കാൻസർ ചികിത്സ, ഇമേജിംഗ് സൗകര്യം എന്നിവ ലഭ്യമാകും.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് പര്യാപ്തമല്ലാത്തതിനാൽ സാമൂഹ്യ സംഘടനകളുടേയും കമ്പനികളുടേയും സഹായം അനിവാര്യമാണ്. ആരോഗ്യ മേഖലയുടെ സമസ്ത പുരോഗതി ലക്ഷ്യമിട്ടാണ് സർക്കാർ ആർദ്രം പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ 230 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. കഴിഞ്ഞ 3 വർഷത്തിനിടയിൽ 5200 പുതിയ ജീവനക്കാരെ ആരോഗ്യമേഖലയിൽ നിയമിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 25 പുതിയ തസ്തികകൾ സൃഷ്ടിച്ചു. 76 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ബിൽഡിംഗ് അടുത്ത മാർച്ചോടെ പൂർത്തീകരിക്കും.

ചികിത്സാ സംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ ഇടുങ്ങിയ പാതകളും പഴയ കെട്ടിടങ്ങളുമെല്ലാം നവീകരിക്കും. എറണാകുളം ജനറൽ ആശുപത്രി മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവാരത്തിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തിൽ പൂർണമായി വെള്ളത്തിലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സഹായിക്കണമെന്ന് റോട്ടറി ഇന്റർ നാഷണൽ പ്രതിനിധികളോട് മന്ത്രി അഭ്യർത്ഥിച്ചു. റോട്ടറി ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ഗാരി ഹുവാംഗ് മുഖ്യപ്രഭാഷണം നടത്തി.

റോട്ടറി ഇന്റർനാഷണൽ ട്രസ്റ്റി ഗുലാം വാഹവതി, ഡിസ്ട്രിക് ഗവർണർ മാധവ് ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ജുനൈദ് റഹ്മാൻ, ഈസ്റ്റേൺ ഗ്രൂപ്പ് എം.ഡി. നവാസ് മീരാൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.