പറവൂർ : പട്ടികജാതി - വർഗവിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ കൊടുത്തുവരുന്ന വിവിധ ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി എ.കെ. ബാലന് നിവേദനം നൽകി. ആദിദ്രാവിഡ സാംസ്കാരിക സഭ മദ്ധ്യമേഖല സെക്രട്ടറി കെ. സോമൻ, പറവൂർ പട്ടികജാതി - വ‌ർഗ കൂട്ടായ്മ നേതാക്കളായ സോമൻ മാധവൻ, കെ.കെ. ഷാൽവിൻ, ഗോപാലകൃഷ്ണൻ തൂയിത്തറ, മജുകുമാർ കളത്തിൻതാഴത്ത് എന്നിവരാണ് നിവേദനം നൽകിയത്. പട്ടികജാതി, പട്ടികവർഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തൊഴിൽ മേഖലയിലെ ഒഴിവുകളിൽ അടിയന്തരമായി നിയമനം നടത്തണമെന്നും അസുഖം ബാധിച്ച് തൊഴിൽ ചെയ്യാനാകാതെ ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് മാസംതോറും 5,000 രൂപ ജീവനാംശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.