വൈപ്പിൻ: നായരമ്പലത്തെ പൊക്കാളിപ്പാടത്ത് മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതിൽ പൊക്കാളിപാടശേഖര സംരക്ഷണ സമിതിയും നായരമ്പലം മത്സ്യത്തൊഴിലാളി കൂട്ടായ്മയും പ്രതിഷേധിച്ചു. ശ്രീജിത്ത്, ബിനീഷ്, സിറിൽരാജ്, അനൂപ് എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 15 വരെയാണ് ചെമ്മീൻകൃഷി നടത്താൻ സർക്കാർ അനുവാദമുള്ളതെന്നും അതിനുശേഷം ചെമ്മീൻ കെട്ടുകൾ പൊക്കാളികൃഷിക്കായി ഒരുക്കണമെന്നും സർക്കാർ ഉത്തരവുണ്ടെന്നും ഈ സംഘടനകൾ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി ചെമ്മീൻവാറ്റ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.