വൈപ്പിൻ: വൈപ്പിൻകരയിൽ നിന്ന് ഗോശ്രീപാലങ്ങൾ വഴി കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചതിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ആഹ്ലാദ സമ്മേളനം നടത്തി. പറവൂർ, ചെറായി, മുനമ്പം എന്നിവിടങ്ങളിൽ നിന്ന് കാക്കനാട്, ഇൻഫോപാർക്ക്, തൃപ്പൂണിത്തുറ, വൈറ്റില, കളമശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് 42 കെ.എസ്.ആർ.ടി.സി. ബസുകളാണ് സർവീസ് ആരംഭിച്ചത്. ഇതോടെ ഈ റൂട്ടുകളിലായി 75 ഓളം കെ.എസ്.ആർ.ടി.സി. ബസുകളാണ് ഇപ്പോൾ സർവീസിലുള്ളത്.
ഗോശ്രീ ബസുകളുടെ നഗരപ്രവേശനം സാദ്ധ്യമാക്കിയതിന് ഗോശ്രീ പാലത്തിന്റെയും ബസിന്റെയും മാതൃകയേന്തി കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽനിന്ന് വെള്ളരിപ്രാവിനെ പറത്തി ആഹ്ലാദം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ സമ്മേളനം പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ജോണി വൈപ്പിൻ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ദേവൻ, എൻ.കെ. സച്ചു, എം.എസ്. റഷീദ്, എം. രാജഗോപാൽ, കെ.എസ്. രാജൻ, എം.എ. പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.